ഇസ്‌താംബൂള്‍(തുര്‍ക്കി): 2020 ഓഗസ്റ്റില്‍ തന്നെ തേടിയെത്തിയ ഒരു ഫോണ്‍ കോളാണ് ജീവിതമാകെ മാറ്റിമറിച്ചതെന്ന് ഫിലിസ് ഡെമിറല്‍ പറയുന്നു. തന്‍റെ ഇരുപതുകാരിയായ സെയ്‌ദ എന്ന മകളെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു എന്ന വാര്‍ത്തയാണ് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ആ ഫോണ്‍ കോളിലൂടെ ഡെമിറല്‍ അറിഞ്ഞത്. അതൊരു ആത്മഹത്യയാണെന്നും പൊലീസ് ആ അമ്മയെ ധരിപ്പിച്ചു.
എന്നാല്‍ അത് വിശ്വസിക്കാന്‍ ഡെമിറലിന് സാധിച്ചിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തന്‍റെ മകള്‍ അതിക്രൂരമായി അക്രമിക്കപ്പെട്ടിരുന്നുവെന്ന് വ്യക്തമായിരുന്നു. ഒരു നായയെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് ഓണ്‍ലൈനില്‍ പരിചയപ്പെട്ട ഒരാളാണ് തന്‍റെ മകളെ അതിക്രൂരമായി കൊലപ്പെടുത്തിയതെന്നും കണ്ടെത്തി. എന്നാല്‍ വര്‍ഷമിത്ര കഴിഞ്ഞിട്ടും ഈ അമ്മയ്ക്ക് നീതി അകലെയാണ്.
നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഡെമിറല്‍ തന്നെപ്പോലെയുള്ള ഒരുപാട് അമ്മമാര്‍ക്കൊപ്പം ചേര്‍ന്ന് തന്‍റെ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. സ്‌ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള രാജ്യാന്തര ദിനത്തില്‍ നീതി നിഷേധിക്കപ്പെട്ട നിരവധി കുടുംബങ്ങളാണ് പ്രതിഷേധ പരിപാടിയില്‍ അണിനിരന്നത്. ഈ പരിപാടിയില്‍ വച്ചാണ് ഓരോ കുടുംബങ്ങളും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ച് വിവരിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ലൈംഗിക ബന്ധത്തിന് തയാറാകാത്തതിനെ തുടര്‍ന്നാണ് തന്‍റെ മകളെ അക്രമി കൊലപ്പെടുത്തിയതെന്ന് ഡെമിറല്‍ പറയുന്നു. മകളുടെ ശരീരം മുഴുവന്‍ ഗ്ലാസുകള്‍ കൊണ്ട് ഏല്‍പ്പിച്ച ആഴത്തിലുള്ള മുറിവുകളായിരുന്നുവെന്നും ആ അമ്മ സങ്കടത്തോടെ പറയുന്നു. അവളുടെ കൈ ഏതാണ്ട് മുഴുവനായും മുറിച്ച് മാറ്റിയിരുന്നു. ആഴത്തിലുള്ള അഞ്ച് മുറിവുകളാണ് കഴുത്തിലും താടിയിലും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലുമായി ഉണ്ടായിരുന്നതെന്നും വേദനയോടെ ആ അമ്മ പറഞ്ഞു.
മൂന്ന് വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവില്‍ കോടതി അയാളെ കുറ്റക്കാരനെന്ന് കണ്ടെത്തി. എന്നാല്‍ ദേഷ്യം മൂലമാണ് കൊല ചെയ്‌തതെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. 24 വര്‍ഷത്തെ തടവിന് അയാളെ വിധിച്ചെങ്കിലും കോടതിയുടെ പരാമര്‍ശം സെയ്‌ദയുടെ കുടുംബത്തിനുള്ള എല്ലാ നീതിയും റദ്ദ് ചെയ്യുന്നതായിരുന്നു.
ലൈംഗിക പീഡനം നിഷേധിക്കുന്നത് കൊല്ലാനുള്ള ഒരു കാരണമാണോയെന്ന് ആ അമ്മ ചോദിക്കുന്നു. വേദനയും ദേഷ്യവും ഒരു കൊല നടത്താനുള്ള കാരണമാണോയെന്നും അവര്‍ ചോദിക്കുന്നു. ഈ സാഹചര്യങ്ങള്‍ക്ക് യാതൊരു മാറ്റവും ഉണ്ടാകില്ലെന്നാണ് നീതിക്കായി സുപ്രീം കോടതിയെയോ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെയോ സമീപിക്കാമായിരുന്നില്ലേ എന്ന ചോദ്യത്തോട് ആ അമ്മ പ്രതികരിച്ചത്.
കോടതിയുടെ തീരുമാനങ്ങള്‍ ശരിയായി നടപ്പാക്കപ്പെടില്ല. കുറ്റവാളികള്‍ നിയമത്തെ വെട്ടിച്ച് രക്ഷപ്പെടുന്നു. അവര്‍ വീണ്ടും ചൂഷണങ്ങളും അതിക്രമങ്ങളും തുടരുന്നു. തന്‍റെ മകളുടെ കൊലയാളിക്ക് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമുണ്ട്. എന്നിട്ടും ഇയാള്‍ക്ക് പുറത്തിറങ്ങാനും വീണ്ടുമൊരു അതിക്രമം നടത്താനും സാധിച്ചു. ഇത് മറ്റുള്ളവര്‍ക്ക് കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള പ്രചോദനം കൂടിയാകുന്നു. അവര്‍ക്ക് ചെറിയൊരു ദേഷ്യം വന്നാല്‍ ആരെയും കൊല്ലുന്നുവെന്നും ആ അമ്മ കൂട്ടിച്ചേര്‍ക്കുന്നു.
അതിനിടെ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത് സംഘര്‍ഷമുണ്ടാക്കി. ബാരിക്കേഡുകള്‍ വച്ചാണ് റാലിയെ തടഞ്ഞത്. പൊലീസ് മാറി നില്‍ക്കൂ, തെരുവുകള്‍ തങ്ങളുടേതാണ് എന്ന ബാനറുകളുമായാണ് പ്രതിഷേധക്കാരെത്തിയത്. കൊലപാതകികള്‍ക്ക് ബാരിക്കേഡ് തീര്‍ക്കൂ, സ്‌ത്രീകള്‍ക്കല്ല തുടങ്ങിയ മുദ്രാവാക്യങ്ങളും ബാനറുകളില്‍ കാണാമായിരുന്നു. പൊലീസ് പ്രതിഷേധക്കാരെ പിരിച്ച് വിടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പലരെയും അക്രമിക്കുകയും ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു.
പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസ് അക്രമമുണ്ടായി. സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ കരാര്‍ 2021ല്‍ തുര്‍ക്കി റദ്ദാക്കിയിരുന്നു. വനിതാ ഹത്യകളെക്കുറിച്ചുള്ള കണക്കുകള്‍ പുറത്ത് വിടുന്നതും രാജ്യം നിര്‍ത്തി. ഇത് വനിത സംഘടനകള്‍ ശേഖരിക്കാനും പുറത്ത് വിടാനുമായിരുന്നു സര്‍ക്കാരിന്‍റെ നിര്‍ദേശം.
കഴിഞ്ഞ മാസം മാത്രം രാജ്യത്ത് 49 സ്‌ത്രീകള്‍ കൊല്ലപ്പെട്ടു. ഇതോടെ പത്ത് മാസത്തിനിടെ അക്രമങ്ങളില്‍ മരിച്ച സ്‌ത്രീകളുടെ എണ്ണം 327 ആയെന്നും വനിത സംഘടനകള്‍ പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു. ഔദ്യോഗിക കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിടില്ല. മാധ്യമങ്ങളില്‍ നിന്ന് ശേഖരിച്ച കണക്കുകളാണിത്. കൊലപാതങ്ങള്‍ എന്ന് സംശയിക്കുന്ന മാത്രം സംഖ്യയാണിത്. സംശയകരമായ മരണങ്ങളും ആത്മഹത്യകളും ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മോര്‍ കാറ്റി വനിത അസോസിയേഷന് വേണ്ടി പ്രവര്‍ത്തിക്കുന്ന ലെയ്‌ല സോയിദിന്‍ക് പറയുന്നു.
പുരുഷന്‍മാര്‍ നടത്തിയ ആക്രമണങ്ങളെയും ലൈംഗിക ചൂഷണങ്ങളെയും കുറിച്ചുള്ള കണക്കുകളും ഇവര്‍ ശേഖരിച്ചിട്ടുണ്ട്. ഒക്‌ടോബറില്‍ മാത്രം അക്രമങ്ങള്‍ക്ക് 79 പേര്‍ ഇരകളായി. 58 പേരാണ് ബലാത്സംഗത്തിനോ ലൈംഗിക ചൂഷണത്തിനോ ഇരയായിട്ടുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
തങ്ങള്‍ക്ക് നീതി ലഭിക്കാത്തത് കുറ്റവാളികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നു. കുറ്റവാളികള്‍ ഫലപ്രദമായി ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ മറ്റ് സ്‌ത്രീകള്‍ക്ക് ഇത്തരം അതിക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാനാകുമായിരുന്നുവെന്നും ഡെമിറല്‍ പറയുന്നു. നീതിക്കായുള്ള തന്‍റെ പോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കുന്നു.
അവസാന ശ്വാസം വരെയും പോരാടുമെന്ന് ഡെമിറല്‍
മറ്റ് സ്‌ത്രീകള്‍ക്ക് വേണ്ടിയാണ് തന്‍റെ പോരാട്ടം. തന്‍റെ അവസാന ശ്വാസം വരെയും പോരാടും. ഇത്തരം സംഭവങ്ങള്‍ മറ്റുള്ളവരെ കുറ്റകൃത്യങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കാനെത്തിയ 27കാരിയായ ബഹര്‍ ഉലുകെ എന്ന സ്‌ത്രീ പറഞ്ഞു. അധികൃതരുടെ ഇത്തരം പിന്തിരിപ്പന്‍ നയങ്ങള്‍ മൂലമാണ് സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്‌ത്രീഹത്യകള്‍ക്കെതിരെ പ്രതിഷേധിച്ചതിന് നേരത്തെ ജയില്‍വാസം അനുഭവിച്ചിട്ടുള്ള വ്യക്തികൂടിയാണ് ഇവര്‍. തങ്ങള്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ സാധിക്കും വരെയും കുറ്റവാളികളെ ശിക്ഷിക്കും വരെയും പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു. നമ്മുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ നാം വിജയിക്കുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.