മുംബൈ: രഞ്ജി ട്രോഫി മത്സരത്തിനുള്ള മുംബൈ ടീമില്‍ നിന്ന് യുവ ഓപ്പണര്‍ പൃഥ്വി ഷായെ ഒഴിവാക്കി. അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് ഒഴിവാക്കല്ലെന്നാണ് റിപ്പോര്‍ട്ട്. 41 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള അഖില്‍ ഹെര്‍വാഡ്കറാണ് താരത്തിന്‍റെ പകരക്കാരനാവുന്നത്. പുറത്താക്കിയതിന് പിന്നിലെ കൃത്യമായ കാരണം ടീം മാനേജ്‌മെന്‍റ് വ്യക്തമാക്കിയിട്ടില്ല.
ഫിറ്റ്‌നസിനും അച്ചടക്കത്തിനും ഉള്ള താരത്തിന്‍റെ മനോഭാവത്തിൽ സെലക്ടർമാർ തൃപ്തരല്ലായെന്ന് പുറത്ത് വരുന്നത്. സഞ്ജയ് പാട്ടീൽ, രവി താക്കർ, ജിതേന്ദ്ര താക്കറെ, കിരൺ പൊവാർ, വിക്രാന്ത് യെലിഗെറ്റി എന്നിവരടങ്ങുന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) സെലക്ഷൻ കമ്മിറ്റിയാണ് വരാനിരിക്കുന്ന മത്സരത്തിൽ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയത്.
പൃഥ്വി തന്‍റെ കരിയർ നശിപ്പിക്കുകയാണെന്നാണ് നിരീക്ഷകർ പറയുന്നത്. തനിക്കൊപ്പം കളിച്ച ക്രിക്കറ്റ് താരങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ പിന്തുണ ലഭിക്കുമ്പോൾ പൃഥ്വി എപ്പോഴും എന്തെങ്കിലും വിവാദങ്ങളിൽ ഏർപ്പെടുന്നു. കളിയിൽ കൃത്യമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ താരത്തിന് കഴിയുന്നില്ല. നേരത്തെ ഇന്ത്യൻ ടീമിനെ നഷ്ടമായ താരത്തിന് രഞ്ജി ട്രോഫി ടീമിലെ ഇടവും നഷ്‌ടപ്പെട്ടു.