മൈസൂരു: ഇരുമ്പ് വേലിയില്‍ തല കുടുങ്ങിയ കാട്ടാനയ്ക്ക് രക്ഷയായത് മറ്റൊരു കാട്ടാന. കൊടകിലെ തിത്തമത്തി പ്രദേശത്താണ് സംഭവം. വനംവകുപ്പ് ഡിപ്പോ സ്ഥാപിച്ച ഇരുമ്പ് വേലിയില്‍ കാട്ടാനയുടെ തല കുടുങ്ങുകയായിരുന്നു. ഫോറസ്റ്റ് ഓഫീസര്‍ പകര്‍ത്തിയ ആനകളുടെ പരസ്‌പര സഹകരണത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കുടുങ്ങിയ ആന ഏറെ നേരം ശ്രമിച്ചിട്ടും വേലിയുടെ അഴികള്‍ക്കിടയില്‍ നിന്ന് തല ഊരിയെടുക്കാനായില്ല. തല ഊരിയെടുക്കാന്‍ കഠിനമായി പരിശ്രമിക്കുന്ന ആനയുടെ ദൃശ്യം വീഡിയോയില്‍ കാണാം. ഈ സമയത്താണ് മറ്റൊരു ആനയെത്തി സഹായിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സഹായത്തിനെത്തിയ ആന തുമ്പിക്കൈ കൊണ്ട് അഴികളുടെ വിടവ് വലുതാക്കാന്‍ ശ്രമിക്കുകയായിരുന്നു. അല്‍പ്പനേരത്തെ പരിശ്രമത്തിനൊടുവില്‍ കാട്ടാന അഴികള്‍ക്കിടയില്‍ നിന്ന് തലയൂരിയെടുക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കാട്ടിലേക്ക് പോയി.
ഏഴ് കാട്ടാനകളാണ് ഗേറ്റ് കടന്ന് വനംവകുപ്പിന്‍റെ ഡിപ്പോയിൽ കയറിയത്. ഇവയെ ഫോറസ്‌റ്റ് ജീവനക്കാർ കാട്ടിലേക്ക് തിരികെ തുരത്തുന്നതിനിടയിലാണ് ഒരു ആനയുടെ തല ഗേറ്റില്‍ കുടുങ്ങിയത്. വനംവകുപ്പ് ജീവനക്കാർ ആനയെ രക്ഷിക്കാന്‍ പദ്ധതിയിടുന്നതിനിടെയാണ് മറ്റൊരാന എത്തി രക്ഷിച്ചത്.
Also Read: കല്യാണി പ്രിയദർശൻ ചിത്രത്തിൻ്റെ ഷൂട്ടിങ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം- വീഡിയോ