എറണാകുളം: മുനമ്പത്തെ വഖഫ് ഭൂമി പ്രശ്‌നത്തിൽ സമരം ശക്തമാക്കുമന്ന് ഭൂസംരക്ഷണ സമിതി ഭാരവാഹികൾ. റവന്യൂ അവകാശങ്ങൾക്കും ജനങ്ങളുടെ പൗരാവകാശങ്ങൾക്കു വേണ്ടിയുള്ള റിലേ നിരാഹാര സമരം നൂറ് ദിവസം പൂർത്തിയാക്കിയിരിക്കുകയാണന്നും ഭൂസംരക്ഷണ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. വഖഫ് ബോർഡിൻ്റെ അവകാശവാദം പിൻവലിച്ച് മുനമ്പത്തെ ജനങ്ങളുടെ റവന്യൂ അവകാശങ്ങൾ സത്വരം പുനഃസ്ഥാപിക്കണമെന്നും ഭൂസംരക്ഷണ സമിതി ആവശ്യപ്പെട്ടു.
വഖഫ് നിയമം ഭേദഗതി ചെയ്‌ത് ഭരണഘടനയും ഇന്ത്യൻ മതേതരത്വവും സംരക്ഷിക്കണമെന്നും ഭൂസംരക്ഷണ സമിതി ആവശ്യപ്പെട്ടു.ഈ ആവശ്യങ്ങൾ ചുണ്ടിക്കാണിച്ച് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കേരളത്തിൽ നിന്നുള്ള എല്ലാ എംപിമാർക്കും ഭൂസംരക്ഷണ സമിതി കത്തയയക്കും. നിലവിലുള്ള വഖഫ് നിയമത്തിലെ 3, 36, 40, 52, 83, 84, 107, 108 എന്നീ സെക്ഷനുകളിൽ ഭരണഘടനയ്ക്കും മതേതരത്വത്തിനും എതിരാണെന്നും ഭൂസംരക്ഷണ സമിതി ആരോപിച്ചു
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ല എന്നതിനുള്ള മുഖ്യതെളിവ് സിദ്ദിഖ് സേട്ടു 1950ൽ എഴുതിയ കരാര്‍ തന്നെയാണ്. ജസ്റ്റിസ് സുബ്രഹ്മണ്യം പോറ്റിയും ജസ്റ്റിസ് ഖാലിദും കേസിൽ വിധി പറഞ്ഞിട്ടുണ്ടന്നും ഭൂ സംരക്ഷണ സമിതി ചൂണ്ടിക്കാണിച്ചു. വഖഫ് എന്ന ആശയത്തിനു തന്നെ നിരക്കാത്ത രണ്ടു വ്യവസ്ഥകൾ ആ രേഖയിലുള്ളത് വഖഫ് ബോർഡ് കണ്ടില്ലെന്നു നടിച്ചുവെന്നും ഭൂ സംക്ഷണ സമിതി ആരോപിച്ചു.
വസ്‌തു വിൽപനയെ അനുകൂലിക്കുന്ന വാചകവും, ചില പ്രത്യേക സാഹചര്യമുണ്ടായാൽ വസ്‌തു തൻ്റെ കുടുംബത്തിലേക്ക് തിരികെയെത്തണമെന്ന വ്യവസ്ഥയും ആ രേഖ വഖഫല്ല എന്നതിൻ്റെ വ്യക്തമായ തെളിവുകളാണന്നും അദ്ദേഹം വിശദീകരിച്ചു.