പാരീസ്: ഒളിമ്പിക്‌സ് പുരുഷ വിഭാഗം ടെന്നീസില്‍ കാര്‍ലോസ് അല്‍ക്കാരസിനെ തോല്‍പിച്ച് സെർബിയൻ ടെന്നീസ് സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് സ്വര്‍ണം. വിജയത്തോടെ ഒളിമ്പിക്‌സ് സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരമെന്ന റെക്കോര്‍ഡ് കരസ്ഥമാക്കി ജോക്കോവിച്ച്.
രണ്ടു മണിക്കൂറും 50 മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ 7-6, 7-6 എന്ന സ്കോറിനായിരുന്നു ജയം. പാരിസിലേത് ജോക്കോവിച്ചിന്‍റെ കന്നി ഒളിമ്പിക്‌സ് സ്വര്‍ണമെഡലാണ്. 2008 പതിപ്പിൽ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയിരുന്നെങ്കിലും അത് വെങ്കലമായിരുന്നു.
സ്വര്‍ണമെഡല്‍ നേട്ടത്തോടെ ഗോള്‍ഡന്‍ സ്ലാം നേടുന്ന അഞ്ചാമത്തെ താരമായി മാറിയിരിക്കുകയാണ് ജോക്കോവിച്ച്. നാല് ഗ്രാൻഡ്സ്ലാം കിരീടവും ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ നേടുന്നതിനെയാണ് ഗോള്‍ഡന്‍ സ്ലാം എന്ന് പറയുന്നത്.
റാഫേൽ നദാൽ, സെറീന വില്യംസ്, ആന്ദ്രെ അഗാസി, സ്റ്റെഫി ഗ്രാഫ് എന്നിവർക്ക് ശേഷം ഗോൾഡൻ സ്ലാം നേടുന്ന കളിക്കാരനായി ജോക്കോവിച്ച്. 24 ഗ്രാൻഡ് സ്ലാം കിരീടങ്ങളുടെ തിളക്കമുള്ള ജോക്കോയുടെ കരിയറിലെ മിന്നും നേട്ടം കൂടിയാണ് ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍.
Also Read:ഫൈനലില്‍ ഫോട്ടോ ഫിനിഷ്; പാരിസിലെ 'പായുംപുലി'യായി നോഹ ലൈല്‍സ് - Noah Lyles Wins Mens 100m