പാരിസ്:പാരിസില്‍ വേഗരാജാവായി അമേരിക്കയുടെ നോഹ ലൈല്‍സ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഒളിമ്പിക്‌സിലെ പുരുഷന്മാരുടെ 100 മീറ്റര്‍ പോരാട്ടത്തില്‍ അമേരിക്കൻ താരം സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്. 9.79 സെക്കൻഡിലായിരുന്നു നോഹ ഒന്നാമനായി ഫിനിഷ് ചെയ്‌തത്.
ജമൈക്കയുടെ കിഷെയ്‌ൻ തോംസണ്‍ രണ്ടാം സ്ഥാനക്കാരനായി വെള്ളി നേടി. 9.79 സെക്കന്‍ഡ് സമയത്തിലാണ് തോംസണും ഫിനിഷ് ചെയ്‌തത്. എന്നാല്‍, 0.005 മില്ലി സെക്കൻഡിന്‍റെ വ്യത്യാസം മത്സരത്തില്‍ നോഹയെ തുണയ്‌ക്കുകയായിരുന്നു. 9.81 സെക്കൻഡില്‍ മത്സരം ഫിനിഷ് ചെയ്‌ത അമേരിക്കയുടെ ഫ്രഡ് കര്‍ലിയാണ് വെങ്കലമെഡല്‍ ജേതാവ്.
പുരുഷന്മാരുടെ 100 മീറ്റര്‍ പോരാട്ടത്തില്‍ 20 വര്‍ഷത്തിന് ശേഷം ആദ്യമായി ചാമ്പ്യനാകുന്ന അമേരിക്കൻ താരമാണ് നോഹ. താരത്തിന്‍റെ കരിയറിലെ മികച്ച സമയം കൂടിയായിരുന്നു പാരിസില്‍ പിറന്നത്. ഒളിമ്പിക്‌സില്‍ നോഹയുടെ ആദ്യത്തെ സ്വര്‍ണമെഡല്‍ കൂടിയാണ് ഇത്.
ടോക്യോ ഒളിമ്പിക്‌സില്‍ 200 മീറ്ററില്‍ വെങ്കലം നേടാൻ താരത്തിനായിരുന്നു. കഴിഞ്ഞ ഒളിമ്പിക്‌സിലെ ചാമ്പ്യൻ ലമോന്‍റ് മാഴ്‌സെല്‍ ജേക്കബ്‌സ് അഞ്ചാം സ്ഥാനത്താണ് പാരിസില്‍ ഫിനിഷ് ചെയ്‌തത്. 9.85 സെക്കൻഡാണ് താരം മത്സരം ഫിനിഷ് ചെയ്യാനെടുത്തത്.
Also Read :ഒളിമ്പിക്‌സിലെ മുന്നേറ്റം; ശ്രീജേഷിനേയും ഹോക്കി ടീമിനെ അഭിനന്ദിച്ച് രവി ശാസ്‌ത്രിയും മുഹമ്മദ് ഷമിയും