വെല്ലിങ്‌ടണ്‍ : ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 172 റണ്‍സിന്‍റെ തകര്‍പ്പൻ ജയം (New Zealand vs Australia 1st Test Result). 369 റണ്‍സിന്‍റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസ് രണ്ടാം ഇന്നിങ്‌സില്‍ 196 റണ്‍സില്‍ ഓള്‍ ഔട്ടായി ആറ് വിക്കറ്റ് വീഴ്‌ത്തിയ നാഥൻ ലിയോണ്‍ ആണ് കങ്കാരുപ്പടയ്‌ക്ക് മത്സരത്തില്‍ ആധികാരിക ജയം സമ്മാനിച്ചത്.
ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തോല്‍വിയോടെ ന്യൂസിലന്‍ഡിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം നഷ്‌ടമായി. ഇതോടെ, ഇന്ത്യ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തി. ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്ത് (WTC 2023-25 Updated Points Table).
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 383 റണ്‍സാണ് നേടിയത്. കാമറൂണ്‍ ഗ്രീനിന്‍റെ 174 റണ്‍സായിരുന്നു ഓസീസിന് ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്കോര്‍ സമ്മാനിച്ചത്. തുടര്‍ന്ന് ബാറ്റ് ചെയ്യാനെത്തിയ ന്യൂസിലന്‍ഡ് 179 റണ്‍സില്‍ ഓള്‍ഔട്ടായി.
71 റണ്‍സ് നേടിയ ഗ്ലെൻ ഫിലിപ്‌സായിരുന്നു ആദ്യ ഇന്നിങ്‌സില്‍ കിവീസിന്‍റെ ടോപ് സ്കോറര്‍. നാല് വിക്കറ്റാണ് ഒന്നാം വിക്കറ്റില്‍ നാഥൻ ലിയോണ്‍ വീഴ്‌ത്തിയത്. 204 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ സ്വന്തമാക്കി.
പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനെത്തിയ കങ്കാരുപ്പടയ്‌ക്ക് 164 റണ്‍സാണ് കണ്ടെത്താനായത്. 41 റണ്‍സ് നേടിയ നാഥൻ ലിയോണ്‍ ആയിരുന്നു ഓസീസിന്‍റെ ടോപ് സ്കോറര്‍. ന്യൂസിലന്‍ഡിനായി ഗ്ലെൻ ഫിലിപ്‌സ് രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തി.
369 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് നിരയില്‍ യുവതാരം രചിന്‍ രവീന്ദ്ര മാത്രമാണ് പിടിച്ചുനിന്നത്. 105 പന്തില്‍ 59 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ഡാരില്‍ മിച്ചല്‍ 130 പന്തില്‍ 38 റണ്‍സ് നേടി.
മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ഡക്കായ ന്യൂസിലന്‍ഡ് മുൻ നായകൻ കെയ്‌ൻ വില്യംസണിന് രണ്ടാം ഇന്നിങ്‌സില്‍ മികവിലേക്ക് ഉയരാൻ സാധിച്ചില്ല. 19 പന്തില്‍ 9 റണ്‍സ് മാത്രമായിരുന്നു വില്യംസണിന്‍റെ സമ്പാദ്യം. നാഥൻ ലിയോണ്‍ ആണ് കിവീസ് നായകന്‍റെ വിക്കറ്റും മത്സരത്തില്‍ സ്വന്തമാക്കിയത് (New Zealand vs Australia 1st Test Score).
വില്യംസണിന് പുറമെ ടോം ലാഥം (8), രചിൻ രവീന്ദ്ര (59), ടോം ബ്ലണ്ടല്‍ (0), ഗ്ലെൻ ഫിലിപ്‌സ് (1), ന്യൂസിലന്‍ഡ് ക്യാപ്‌റ്റൻ ടിം സൗത്തി (7) എന്നിവരും ലിയോണിന് മുന്നിലാണ് വീണത്. ലിയോണിനെ കൂടാതെ ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് രണ്ടും ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീൻ എന്നിവര്‍ ഓരോ വിക്കറ്റും നേടി. മാര്‍ച്ച് എട്ടിന് ക്രൈസ്റ്റ്ചര്‍ച്ചിലാണ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം.
Also Read :മാര്‍ക്രത്തെ തെറിപ്പിച്ചു?; ഹൈദരാബാദിനെ കമ്മിന്‍സ് നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്