ഹൽദ്വാനി:ദേശീയ ഗെയിംസ് നീന്തലിൽ കേരളത്തിന്‍റെ മെഡല്‍ പ്രതീക്ഷയായി സജൻ പ്രകാശ് ഇന്ന് മത്സരത്തിനിറങ്ങും. പുരുഷ വിഭാഗം 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫൈ സ്ട്രോക് എന്നീ ഇനങ്ങളിലാണ് താരം ഇറങ്ങുന്നത്. ദേശീയ ഗെയിംസ് ചരിത്രത്തിൽ കേരളത്തിനായി ഏറ്റവുമധികം മെഡല്‍ നേടിയ താരമാണ് സജന്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുപ്പത്തൊന്നുകാരന്‍റെ അഞ്ചാംഗെയിംസാണിത്. 2011ലെ റാഞ്ചി ദേശീയ ഗെയിംസിൽ പങ്കെടുത്തിരുന്നെങ്കിലും മെഡലുകളുണ്ടായിരുന്നില്ല. പിന്നീടുള്ള 3 ഗെയിംസുകളിലും മികച്ച പ്രകടനം നടത്താനായി. ഗോവൻ ഗെയിംസിൽ ഒമ്പത് മെഡലായിരുന്നു താരം കേരളത്തിനായി സ്വന്തമാക്കിയത്.
അഹമ്മദാബാദിൽ മികച്ച താരമായി. 4 ദേശീയ ഗെയിംസുകളിൽ നിന്നായി 26 മെഡലുകൾ കരസ്ഥമാക്കി, അതിൽ 14 എണ്ണവും സ്വർണമായിരുന്നു. കൂടാതെ ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സിലേക്ക് നേരിട്ട് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് സജൻ പ്രകാശ്.
2021ൽ റോമിൽ നടന്ന സെറ്റ് കോലി ട്രോഫിയിൽ പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ സാജൻ 1:56.38 സെക്കൻഡോടെ ദേശീയ റെക്കോർഡ് നേടിയിരുന്നു. ടോക്കിയോ, റിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത സജൻ പ്രകാശ്, രണ്ട് ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമായി. 1993 സെപ്റ്റംബർ 14 ന് കേരളത്തിലെ ഇടുക്കിയിൽ ജനിച്ച സജനെ കായികമേഖലയിലേക്ക് പരിചയപ്പെടുത്തിയത് മുൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്ലറ്റായിരുന്ന അമ്മ വി ശാന്തിമോളാണ്.