തിരുവനന്തപുരം: ഏറെ പ്രതീക്ഷകളോടെയാണ് 38 -ാമത് ദേശീയ ഗെയിംസിന് കേരളം കളത്തിലിറങ്ങുന്നത്. വിവിധയിനങ്ങളിൽ മികച്ച താരങ്ങളെയാണ് കേരളം അണിനിരത്തുന്നത്. കേരളത്തിന് വേണ്ടി മെഡല്‍ നേടാന്‍ ഉത്തരാഖണ്ഡിലിറങ്ങുന്ന ചിലരെ പരിചയപ്പെടാം.
അത്ലറ്റിക്‌സ്
ഓട്ടം, ചാട്ടം അടക്കമുള്ള മത്സരങ്ങളുള്ള അത്‌ലറ്റിക്‌സില്‍ കേരളത്തിന് ഏറെ പ്രതീക്ഷകളുണ്ട്. മീറ്റ് റെക്കോര്‍ഡുകളടക്കം സ്വന്തമാക്കി കേരളത്തിന്‍റെ ചുണക്കുട്ടികള്‍ തിരികെ എത്തുമെന്നാണ് പ്രതീക്ഷ. അത്ലറ്റിക്‌സിൽ വനിതകളുടെ ട്രിപ്പിൾ ജംപ് കേരളം ഉറച്ച പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന ഇനമാണ്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍ എൻ വി ഷീന, സാന്ദ്ര ബാബു, ഗായത്രി ശിവകുമാര്‍ എന്നിവര്‍ ഉറച്ച മെഡല്‍ പ്രതീക്ഷയാണ്. കാലങ്ങളായി കേരള താരങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന ലോങ്ങ് ജമ്പിലും കേരളത്തിന് പ്രതീക്ഷയുണ്ട്. പുരുഷ വിഭാഗത്തില്‍ അനുരാഗ് സിവിയും വനിതാ വിഭാഗത്തില്‍ സാന്ദ്രാ ബാബുവുമാണ് മല്‍സരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒളിമ്പ്യന്‍ അബ്‌ദുള്ള അബൂബക്കർ ഉത്തരാഖണ്ഡില്‍ കേരളത്തിനു വേണ്ടി ഇറങ്ങില്ലെങ്കിലും പുരുഷ ട്രിപ്പിൾ ജംപിൽ സെബാസ്‌റ്റ്യന്‍ വി എസും മുഹമ്മദ് മുഹസിനുമാണ് പിറ്റിലിറങ്ങുന്നത്. വനിതകളുടെ 400 മീറ്ററില്‍ ജിസ്ന മാത്യുവും സ്നേഹ കെയും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനു രാഘവനും ഡെല്‍നാ ഫിലിപ്പും 800 മീറ്ററില്‍ പ്രിസില്ല ഡാനിയേലും ഹൈജംപില്‍ ആതിരാ സോമരാജനും പോള്‍വാള്‍ട്ടില്‍ മറിയാ ജെയ്‌സനും നാഷണല്‍ ഓപ്പണ്‍ മീറ്റിലെ വെള്ളിമെഡല്‍ ജേതാവ് കൃഷ്‌ണ രചനും വനിതാ വിഭാഗത്തില്‍ പ്രതീക്ഷ പകരുന്നവരാണ്.
നീന്തല്‍
ദേശീയ ഗെയിംസില്‍ മിന്നിക്കണമെങ്കില്‍ നീന്തല്‍ക്കുളത്തില്‍ നിന്ന് പൊന്നു വാരണം. ആ ദൗത്യവുമായാണ് പരിചയ സമ്പന്നനായ ഒളിമ്പ്യന്‍ സജ്ജന്‍ പ്രകാശിന്‍റെ നേതൃത്വത്തില്‍ കേരളത്തിന്‍റെ 44 അംഗ നീന്തല്‍ ടീം ഹല്‍ദ്വാനിയിലെത്തുന്നത്. ഹൽദ്വാനിയിലെ നീന്തൽക്കുളത്തില്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി നാലു വരെയാണ് നീന്തല്‍ മല്‍സരങ്ങള്‍.
ഉത്തരാഖണ്ഡിലെ കൊടും ശൈത്യത്തോട് പടവെട്ടി മുന്നേറിയാല്‍ നീന്തല്‍ക്കുളത്തിലെ കേരളത്തിന്‍റെ സുവര്‍ണ്ണ കുമാരന്മാര്‍ക്ക് എതിരിടാനുള്ളത് അയല്‍പക്കത്തെ കര്‍ണാടകത്തില്‍ നിന്നും മഹാരാഷ്‌ട്രയില്‍ നിന്നുമെത്തുന്ന നീന്തല്‍ക്കാരെയാണ്. ഒപ്പം കരുത്തരായ സര്‍വീസസുകാരും.
ബെല്ലാരിയിലുള്ള ഇൻസ്‌പയർ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സില്‍ പരിശീലനമൊക്കെ കഴിഞ്ഞാണ് സജ്ജന്‍ പ്രകാശ് തന്‍റെ നാലാമത് ദേശീയ ഗെയിംസിന് എത്തുന്നത്. രണ്ട് തവണ ദേശീയ ഗെയിംസിലെ മികച്ച പുരുഷതാരമായി തെരഞ്ഞെടുക്കപ്പെട്ട അപൂര്‍വ ബഹുമതിയും സജ്ജന്‍ പ്രകാശിന് സ്വന്തം.
സജ്ജന്‍ പ്രകാശ് ഉത്തരാഖണ്ഡില്‍ 13 നീന്തല്‍ ഇനങ്ങളില്‍ മല്‍സരിക്കുന്നുണ്ട്. 400 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലേ, 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലേ, 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 200 മീറ്റര്‍ ബട്ടര്‍ ഫ്ലൈ, 100 മീറ്റര്‍ ബട്ടര്‍ ഫ്ലൈ, 50 മീറ്റര്‍ ബട്ടര്‍ ഫ്ലൈ, 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് എന്നീ ഇനങ്ങള്‍ക്ക് പുറമേ 4x100 മീറ്റര്‍ മിക്‌സഡ് മെഡ്‌ലേ റിലേയിലും, 4x100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ മിക്‌സഡ് റിലേയിലും, 4x200 മീറ്റര്‍ പുരുഷ വിഭാഗം ഫ്രീസ്‌റ്റൈല്‍ റിലേയിലും, പുരുഷ വിഭാഗം 4x100 മീറ്റര്‍ മെഡ്‌ലേ റിലേയിലും, 4x100 മീറ്റര്‍ പുരുഷ വിഭാഗം ഫ്രീസ്‌റ്റൈല്‍ റിലേയിലും സജ്ജന്‍ ഇറങ്ങും. ദേശീയ ഗെയിംസില്‍ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ താരവും സജ്ജന്‍ പ്രകാശ് ആണ്. 26 മെഡലുകള്‍.