മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്ക്വാഡിനെ അടുത്തിടെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. പതിവ് പോലെ തന്നെ ടീം പ്രഖ്യാപനത്തിന് ശേഷം വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. വൈസ് ക്യാപ്‌റ്റനായി ഹാര്‍ദിക് പാണ്ഡ്യയെ ടീമിലെടുത്തത് പലരുടെയും നെറ്റി ചുളിപ്പിച്ചു.
ഐപിഎല്ലില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മോശം പ്രകടനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പലരും വിമര്‍ശനം ഉന്നയിച്ചത്. ടീം സെലക്ഷനിലെ ഏറ്റവും മോശമായ തീരുമാനമാണ് പാണ്ഡ്യയെ പരിഗണിച്ചത് എന്നത് ഉള്‍പ്പടെയുള്ള വാദങ്ങളും ഇതിനിടെ ഉയര്‍ന്നു. എന്നാല്‍, ഇപ്പോള്‍ ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിച്ച ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ മുൻ ചീഫ് സെലക്‌ടറായ എംഎസ്‌കെ പ്രസാദ്.
ഇന്ത്യയില്‍ ഇന്ന് ഹാര്‍ദിക് പാണ്ഡ്യയെ പോലെ ഏറ്റവും മികച്ച ഒരു ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ ഇല്ലെന്ന് എംഎസ്‌കെ പ്രസാദ് അഭിപ്രായപ്പെട്ടു. ലോകകപ്പ് സ്ക്വാഡിലേക്ക് പാണ്ഡ്യയെ പരിഗണിച്ചത് ശരിയായ തീരുമാനം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡില്‍ ഹാര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തിയതിനെ കുറിച്ചുള്ള എംഎസ്‌കെ പ്രസാദിന്‍റെ പ്രതികരണം ഇങ്ങനെ...
'ഹാര്‍ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തി വൈസ് ക്യാപ്‌റ്റൻ ആക്കുന്നതിനെ കുറിച്ച് രണ്ടാമതൊരു ചിന്തയുടെ ആവശ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. രോഹിത് ശര്‍മ ഇല്ലാതിരുന്ന സമയത്താണ് അവൻ ഇന്ത്യയുടെ നായകനാകുന്നത്. രോഹിതിന് ശേഷം അവനാകും ഇന്ത്യയെ നയിക്കുക എന്ന് വ്യക്തമായി സൂചിപ്പിക്കുന്ന കാര്യമാണ് അത്. ലോകകപ്പ് സ്ക്വാഡില്‍ ഹാര്‍ദിക് പാണ്ഡ്യയെ തെരഞ്ഞെടുത്തത് സെലക്‌ടര്‍മാര്‍ ചെയ്‌ത ശരിയായ കാര്യമാണ്.