ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ബാറ്റ് ചെയ്യാന്‍ പതിവ് പോലെ അവസാന ഓവറുകളില്‍ എംഎസ് ധോണി ക്രീസിലേക്ക് എത്തിയിരുന്നു. 18-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദ് ഔട്ടായതിന് പിന്നാലെയാണ് ധോണി ഇറങ്ങിയത്. ഇളകിമറിഞ്ഞ ചെപ്പോക്ക് സ്റ്റേഡിയം ധോണിയില്‍ നിന്നും മറ്റൊരു വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ 42-കാരന് കത്തിക്കയറാന്‍ കഴിഞ്ഞില്ല. ഇതിനിടെ ധോണി സിംഗിള്‍ ഓടാന്‍ നിഷേധിച്ചതോടെ നോണ്‍ സ്‌ട്രൈക്കറായിരുന്ന ഡാരില്‍ മിച്ചല്‍ 'ഡബിള്‍ ഓടി' തിരിച്ചെത്തിയ ഒരു സംഭവവുമുണ്ടായി. ചെന്നൈ ഇന്നിങ്‌സിന്‍റെ അവസാന ഓവറിലായിരുന്നു ഇതു നടന്നത്.
അര്‍ഷ്‌ദീപ് സിങ് എറിഞ്ഞ മൂന്നാം പന്ത് ധോണി ഡീപ് കവറിലേക്ക് അടിച്ചു. ഈ സമയം നോണ്‍ സ്‌ട്രൈക്കറായ ഡാരില്‍ മിച്ചല്‍ സിംഗിളിനായി ശ്രമം നടത്തി. ഇതിനായി സ്‌ട്രൈക്കിങ് എന്‍ഡിലേക്ക് താരം ഓടിയെത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ ധോണി ഓടാന്‍ തയ്യാറായില്ല.
ഇതോടെ നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡിലേക്ക് താരത്തിന് തിരഞ്ഞോടേണ്ടി വന്നു. ഡയറക്‌ട് ഹിറ്റില്‍ റണ്ണൗട്ടാവാന്‍ സാധ്യതയുണ്ടായിരുന്നുവെങ്കിലും ഫീഡല്‍ഡറുടെ വൈഡ് ത്രോയില്‍ മിച്ചല്‍ രക്ഷപ്പെട്ടു. മിച്ചല്‍ ഡബിള്‍ ഓടി പൂര്‍ത്തിയാക്കുമ്പോള്‍ മറുവശത്ത് ധോണി കാഴ്‌ചക്കാരനായി നില്‍ക്കുകയായിരുന്നു. ധോണിയുടെ ഈ പ്രവര്‍ത്തിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നുണ്ട്.
അര്‍ഷ്‌ദീപിന്‍റെ നാലാം പന്തിലും ചെന്നൈ മുന്‍ നായകന് റണ്ണെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അഞ്ചാം പന്തില്‍ ഡീപ് എക്‌സ്‌ട്രാ കവറിലേക്ക് താരം ഒരു കൂറ്റന്‍ സിക്‌സര്‍ കണ്ടെത്തി. അവസാന പന്തില്‍ ഡബിള്‍ ഓടാനുള്ള ശ്രമത്തിനിടെ ധോണി റണ്ണൗട്ടാവുകയും ചെയ്‌തു. സീസണില്‍ ഇതാദ്യമായാണ് ധോണി ഔട്ടാവുന്നത്. 11 പന്തില്‍ ഒരു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 14 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം.
ALSO READ: പഞ്ചാബിന്‍റെ 'ചെണ്ട'യായി ചെന്നൈ, അവസാന ജയം 2021-ല്‍ ; മുംബൈ ഇന്ത്യൻസിന്‍റെ ആ റെക്കോഡ് ഇനി അവര്‍ക്കും സ്വന്തം - PBKS Wining Streak Against CSK
അതേസമയം മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പഞ്ചാബ് കിങ്‌സ് തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 162 റണ്‍സായിരുന്നു നേടിയത്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദ് ടീമിനായി അര്‍ധ സെഞ്ചുറി നേടി. 48 പന്തില്‍ അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സും സഹിതം 62 റണ്‍സായിരുന്നു ഗെയ്‌ക്‌വാദ് അടിച്ചത്. മറിപടിക്ക് ഇറങ്ങിയ പഞ്ചാബ് 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 163 റണ്‍സെടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു.