ഹൈദരാബാദ്: പ്രമുഖ ഇലക്‌ട്രിക് സ്‌കൂട്ടർ നിർമാതാക്കളായ ഒല റോഡ്സ്റ്റർ എക്‌സ് സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു. സ്റ്റാൻഡേർഡ് മോഡലും പ്ലസ് മോഡലും ഉൾപ്പെടെ രണ്ട് വേരിയന്‍റുകളാണ് ഈ സീരീസിൽ പുറത്തിറക്കിയത്. റോഡ്സ്റ്റർ എക്‌സ്, റോഡ്സ്റ്റർ എക്‌സ് പ്ലസ് എന്നിവയാണ് പുതുതായി പുറത്തിറക്കിയ രണ്ട് വകഭേദങ്ങൾ. റോഡ്സ്റ്റർ എക്‌സിന്‍റെ പ്രാരംഭവില (എക്‌സ്-ഷോറൂം) 74,999 രൂപയും റോഡ്സ്റ്റർ എക്‌സ് പ്ലസിന്‍റെ പ്രാരംഭവില 1.04 ലക്ഷം രൂപയുമാണ്.
റോഡ്‌സ്റ്റർ എക്‌സിന്‍റെ മൂന്ന് ബാറ്ററി പായ്‌ക്കുകൾക്കും 252 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയും. അതേസമയം റോഡ്‌സ്റ്റർ എക്‌സ് പ്ലസിന്‍റെ രണ്ട് ബാറ്ററി പായ്‌ക്കുകൾക്കും 501 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയും. രണ്ട് വേരിയന്‍റുകളും അഞ്ച് കളർ ഓപ്‌ഷനുകളിൽ ലഭ്യമാവും. പുതുതായി ലോഞ്ച് ചെയ്‌ത ഇലക്‌ട്രിക് ബൈക്കുകളെ കുറിച്ച് വിശദമായറിയാം.
വില: 2.5 കിലോവാട്ട്, 3.5 കിലോവാട്ട്, 4.5 കിലോവാട്ട് എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്‌ഷനുകളിലാണ് ഒല റോഡ്സ്റ്റർ എക്‌സ് ലഭ്യമാവുക. റോഡ്സ്റ്റർ എക്‌സിന്‍റെ 2.5 കിലോവാട്ട് ബാറ്ററി ശേഷിയുള്ള വേരിയന്‍റിന് 74,999 രൂപ ആണ് വില. അതേസമയം 3.5 കിലോവാട്ട് ബാറ്ററി ശേഷിയുള്ള വേരിയന്‍റിന് 84,999 രൂപയും 4.5 കിലോവാട്ട് ബാറ്ററി ശേഷിയുള്ള വേരിയന്‍റിന് 99,999 രൂപയും ആണ് വില.
4.5 കിലോവാട്ട്, 9.1 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്‌ഷനുകളിലാണ് റോഡ്‌സ്റ്റർ എക്‌സ് പ്ലസ് പുറത്തിറക്കിയിരിക്കുന്നത്. 4.5 കിലോവാട്ട് ബാറ്ററി പായ്‌ക്കിന് 1,04,999 രൂപയും 9.1 കിലോവാട്ട് ബാറ്ററി പായ്‌ക്കിന് 1,54,999 രൂപയുമാണ് എക്‌സ്-ഷോറൂം വില. മാർച്ച് പകുതിയോടെ രണ്ട് മോട്ടോർസൈക്കിളുകളുടെയും ഡെലിവറികൾ ആരംഭിക്കും. ഇരു മോഡലുകളുടെയും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. സെറാമിക് വൈറ്റ്, പൈൻ ഗ്രീൻ, ഇൻഡസ്ട്രിയൽ സിൽവർ, സ്റ്റെല്ലാർ ബ്ലൂ, ആന്ത്രാസൈറ്റ് എന്നിങ്ങനെ അഞ്ച് കളർ ഓപ്‌ഷനുകളിലായിരിക്കും രണ്ട് മോഡലുകളും ലഭ്യമാവുക.
ഓല റോഡ്‌സ്റ്റർ എക്‌സ് സീരീസിൽ പുതിയതെന്താണ്?
അടുത്തിടെ പുറത്തിറക്കിയ ഓല ജെൻ 3 പ്ലാറ്റ്‌ഫോമിലാണ് റോഡ്‌സ്റ്റർ എക്‌സ് സീരീസ് നിർമ്മിച്ചിരിക്കുന്നത്. ഈ ഇലക്‌ട്രിക് ബൈക്കിൽ എംസിയു, ബ്രേക്ക് ബൈ വയർ, ഐപി 67 റേറ്റിങുള്ള ബാറ്ററി എന്നിവയുമായി സംയോജിപ്പിച്ച മിഡ്-ഡ്രൈവ് മോട്ടോർ ഉണ്ട്. കൂടാതെ, ക്ലട്ടർ-ഫ്രീ ആക്കുന്നതിനായി ഫ്ലാറ്റ് കേബിളുമായാണ് റോഡ്‌സ്റ്റർ എക്‌സ് സീരീസ് ബൈക്കുകൾ വരുന്നത്.
ഇരുമോഡലുകളുടെയും സ്‌പെസിഫിക്കേഷനുകൾ:
ഡിസൈൻ: വളരെ ലളിതവും മിനിമലിസ്റ്റിക്കുമായ ഒരു തീമാണ് നർകിയിരിക്കുന്നത്. മികച്ച എയറോഡൈനാമിക്‌സിനായി ഷാർപ്പായി ഡിസൈൻ ചെയ്‌ത അരികുകളുള്ള ഫ്യൂച്ചറിസ്റ്റിക് ഡിസൈനും നൽകിയിട്ടുണ്ട്. എക്‌സ് പ്ലസ് വേരിയന്‍റിന്‍റെ ബോഡി കളറിൽ ഒല ഗ്രാഫിക്‌സ് കൂടെ നൽകിയിട്ടുണ്ട്.
ബാറ്ററി, റേഞ്ച്: റേഞ്ച് പരിശോധിക്കുമ്പോൾ റോഡ്‌സ്റ്റർ എക്‌സിന് 2.5 കിലോവാട്ട്, 3.5 കിലോവാട്ട്, 4.5 കിലോവാട്ട് എന്നീ ബാറ്ററി പായ്‌ക്കുകൾക്കനുസരിച്ച് യഥാക്രമം 117 കിലോമീറ്റർ, 159 കിലോമീറ്റർ, 200 കിലോമീറ്റർ എന്നിങ്ങനെ റേഞ്ച് നൽകാനാകും. റോഡ്‌സ്റ്റർ എക്‌സ് പ്ലസിന്‍റെ 9.1 കിലോവാട്ട് വേരിയന്‍റിന് 501 കിലോമീറ്ററും 4.5 കിലോവാട്ട് വേരിയന്‍റിന് 252 കിലോമീറ്ററും റേഞ്ച് നൽകാൻ കഴിയും.
പെർഫോമൻസ്: 7 കിലോവാട്ട് പീക്ക് പവർ ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് റോഡ്‌സ്റ്റർ എക്‌സിൽ നൽകിയിരിക്കുന്നത്. മണിക്കൂറിൽ 118 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കാൻ ആ മോട്ടോറിനാകും. അതേസമയം 11 കിലോവാട്ട് പീക്ക് പവർ ഉത്പാദിപ്പിക്കുന്ന മിഡ്-ഡ്രൈവ് മോട്ടോറുകളാണ് റോഡ്‌സ്റ്റർ എക്‌സ് പ്ലസിൽ നൽകിയിരിക്കുന്നത്. മണിക്കൂറിൽ മണിക്കൂറിൽ പരമാവധി 125 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സഹായിക്കുന്നതാണ് മോട്ടോറുകൾ.
ഫീച്ചറുകൾ: 4.3 ഇഞ്ച് എൽസിഡി സെഗ്‌മെന്‍റഡ് ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, ഹെഡ്‌ലാമ്പ്, ഇൻഡിക്കേറ്ററുകൾ, പിൻ ലൈറ്റുകൾ ഉൾപ്പെടെയുള്ള എൽഇഡി ലൈറ്റിങുകൾ, ഇക്കോ, നോർമൽ, സ്‌പോർട് എന്നീ മൂന്ന് റൈഡ് മോഡുകൾ, അഡ്വാൻസ്‌ഡ് റീഗൻ, ക്രൂയിസ് കൺട്രോൾ, ടിപിഎംഎസ് (ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം) അലേർട്ടുകൾ, റിവേഴ്‌സ് മോഡ്, ഒടിഎ അപ്‌ഡേറ്റുകൾ, ജിപിഎസ് കണക്റ്റിവിറ്റി, പ്രെഡിക്റ്റീവ് മെയിന്‍റനൻസ്, വെക്കേഷൻ മോഡ് എന്നിവയാണ് മറ്റ് ഫീച്ചറുകൾ.
Also Read:
- 320 കിലോമീറ്റർ റേഞ്ചിൽ പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഒല: വില 79,999 രൂപ
- വിറ്റഴിച്ചത് 10 ലക്ഷത്തിലേറെ യൂണിറ്റുകൾ: 2024ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റ ഇലക്‌ട്രിക് ബൈക്കുകൾ
- കരുത്തിലും ലുക്കിലും കേമൻ: കെടിഎം 390 അഡ്വഞ്ചറിന്‍റെ പുതുക്കിയ പതിപ്പ് വരുന്നു; മാറ്റങ്ങൾ എന്തെല്ലാം?
- വിപണി കീഴടക്കാൻ ആക്‌ടിവയുടെയും ആക്‌സസിന്‍റെയും ഇലക്‌ട്രിക് സ്‌കൂട്ടറുകൾ: മികച്ചതേത്? താരതമ്യം ചെയ്യാം...
- ഒരൊറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്: ടിവിഎസിന്‍റെ ഇലക്‌ട്രിക് സ്‌കൂട്ടറിന്‍റെ ഡെലിവറി ആരംഭിച്ചു