പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ തെളിവെടുപ്പ് പൂർത്തിയായി. പ്രതി ചെന്താമരയെ എലവഞ്ചേരിയിലാണ് ഇന്ന് തെളിവെടുപ്പിനെത്തിച്ചത്. സുധാകരനേയും അമ്മ ലക്ഷ്‌മിയേയും വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരി അഗ്രോ എക്യുപ്‌സ് എന്ന സ്ഥാപനത്തിലും മറ്റൊരു കത്തി വാങ്ങിയ കടയിലുമാണ് പൊലീസ് പ്രതിയേയും കൊണ്ട് എത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അഗ്രോ എക്യുപ്‌സ് ഉടമ ചെന്താമരയെ തിരിച്ചറിഞ്ഞില്ല. അവിടെ നിന്ന് കത്തി വിറ്റ കാര്യവും ഉടമ നിഷേധിച്ചു. എന്നാൽ കണ്ടെടുത്ത കത്തിയിൽ സ്ഥാപനത്തിൻ്റെ സിഗ്‌നേച്ചർ ഉണ്ടെന്ന് കേസന്വേഷണത്തിൻ്റെ ചുമതലയുള്ള ഡിവൈഎസ്‌പി എൻ മുരളീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അയൽവാസിയായ പുഷ്‌പ എന്ന സ്ത്രീയെക്കൂടി താൻ കൊലപ്പെടുത്തണമെന്ന് ആഗ്രഹിച്ചിരുന്നതായി ചെന്താമര പൊലീസിനോട് പറഞ്ഞു.
താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് മകളെയാണെന്നും വീട് ഉൾപ്പെടെയുള്ള തൻ്റെ സ്വത്തുക്കൾ മകൾക്ക് ലഭ്യമാക്കാൻ സഹായിക്കണമെന്നും പ്രതി പൊലീസിനോട് അഭ്യർഥിച്ചു. നാട്ടുകാർ പ്രതിയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുമെന്ന കണക്കുകൂട്ടലിൽ കനത്ത പൊലീസ് കാവലിലായിരുന്നു ഇന്നും തെളിവെടുപ്പ്. എന്നാൽ ആളുകൾ ഇന്നും പൊലീസിനോട് സഹകരിച്ചു.
തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായതിനാൽ പ്രതിയെ ആലത്തൂർ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ ചെന്താമരയെ തൃശൂർ വിയ്യൂർ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. തെളിവെടുപ്പിനായി ചൊവ്വാഴ്‌ചയാണ് ചെന്താമരയെ പൊലീസ് കോടതി അനുമതി പ്രകാരം കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന പോത്തുണ്ടിയിലെ തെളിവെടുപ്പ് ചൊവ്വാഴ്‌ച തന്നെ പൂർത്തിയാക്കിയിരുന്നു.
Also Read: രണ്ട് വയസുകാരിയുടെ കൊലപാതകം; ഹരികുമാറിനെ വീണ്ടും ജുഡീഷ്യൽ കസ്‌റ്റഡിയിലേക്ക്