കേരളം

kerala

ETV Bharat / sports

അടി മാത്രമല്ല, പാട്ടും ഇവിടെ വഴങ്ങും; 'ബോലെ ജോ കോയല്‍' പാടി ധോണി - MS Dhoni Sings Bole Jo Koyal

എംഎസ് ധോണി പാടി അഭിനയിച്ച പരസ്യചിത്രം വൈറല്‍.

BOLE JO KOYAL SONG  MS DHONI VIRAL ADVERTISEMENT  DHONI SINGING  എംഎസ് ധോണി പാട്ട്
MS DHONI SINGS BOLE JO KOYAL

By ETV Bharat Kerala Team

Published : Apr 5, 2024, 2:42 PM IST

ഹൈദരാബാദ്:ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അവരുടെ തട്ടകത്തില്‍ നേരിടാനുള്ള ഒരുക്കത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സൂപ്പര്‍ താരം എംഎസ് ധോണി നടത്തിയ വെടിക്കെട്ട് പ്രകടനം ഇന്നും ആവര്‍ത്തിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍, ഇപ്പോള്‍ തന്‍റെ ബാറ്റിങ്ങിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് മറ്റൊരു കിടിലൻ സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് താരം.

ഒരു പരസ്യചിത്രത്തിന്‍റെ ഗാനവുമായാണ് ആരാധകരുടെ പ്രിയപ്പെട്ട 'തല' ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. ഫല്‍ഗുനി പഥകിന്‍റെ 'ബോലെ ജോ കോയല്‍' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിനാണ് ധോണി തന്‍റെ ശബ്‌ദം നല്‍കിയിരിക്കുന്നത്. കൂടാതെ, പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതും ധോണി തന്നെ.

അതേസമയം, ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ നാലാം മത്സരത്തിനിറങ്ങുമ്പോള്‍ എംഎസ് ധോണി ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യാൻ എത്തുമെന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. കഴിഞ്ഞ കളിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ എട്ടാം നമ്പറില്‍ ക്രീസിലെത്തിയ ധോണിക്ക് ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കാനായി. 16 പന്തില്‍ 37 റണ്‍സായിരുന്നു ധോണി അന്ന് അടിച്ചുകൂട്ടിയത്.

ഇതോടെ, താരം ബാറ്റിങ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങണം എന്ന വാദവും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. നിലവില്‍ രവീന്ദ്ര ജഡേജ ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് ശേഷമാണ് ധോണി ചെന്നൈക്കായി ബാറ്റ് ചെയ്യാൻ എത്തുന്നത്. ഹൈദരാബാദിനെതിരെ ഇറങ്ങുമ്പോള്‍ ഇതില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന് കണ്ടുതന്നെ അറിയണം.

കഴിഞ്ഞ കളിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയപ്പെട്ട ചെന്നൈ വിജയവഴിയില്‍ തിരിച്ചെത്താനുള്ള ശ്രമങ്ങളിലാണ്. നിലവില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയമാണ് സിഎസ്‌കെ സ്വന്തമാക്കിയത്. പോയിന്‍റ് പട്ടികയില്‍ മൂന്നാമതാണ് റുതുരാജ് ഗെയ്‌ക്‌വാദിന്‍റെയും കൂട്ടരുടെയും സ്ഥാനം.

Read More:ഉപ്പലില്‍ ഇന്നും സിക്‌സ് മഴയോ..? സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാൻ ചെന്നൈ സൂപ്പര്‍ കിങ്സ് - SRH Vs CSK Preview

ചെന്നൈ സൂപ്പര്‍ കിങ്സ് സാധ്യത ടീം:രചിൻ രവീന്ദ്ര, റിതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്‌റ്റൻ), അജിങ്ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, ശിവം ദുബെ, സമീര്‍ റിസ്‌വി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്‌പാണ്ഡെ, മഹീഷ് തീക്ഷണ, മതീഷ പതിരണ.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സാധ്യത ടീം: മായങ്ക് അഗര്‍വാള്‍, ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, എയ്‌ഡൻ മാര്‍ക്രം, ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പര്‍), ഷഹ്ബാസ് അഹമ്മദ്, അബ്‌ദുല്‍ സമദ്, പാറ്റ് കമ്മിൻസ് (ക്യാപ്‌റ്റൻ), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍കണ്ഡെ, ജയദേവ് ഉനദ്ഘട്ട്, ഉമ്രാൻ മാലിക്ക്.

ABOUT THE AUTHOR

...view details