കൊല്‍ക്കത്ത: ഇന്ത്യൻ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോളില്‍ ഇന്ന് കലാശപ്പോര്. ലീഗിലെ വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പര്‍ ജയന്‍റും മുംബൈ സിറ്റി എഫ്‌സിയും തമ്മിലാണ് കിരീടപ്പോരാട്ടം. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരത്തിന്‍റെ കിക്ക് ഓഫ്.
കിരീടം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പുകളിലാണ് മോഹൻ ബഗാൻ സൂപ്പര്‍ ജയന്‍റ്. മറുവശത്ത് രണ്ടാം കിരീടം തേടിയാണ് മുംബൈ സിറ്റി ഇന്ന് കളത്തിലിറങ്ങുക. അവസാനം തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ മുംബൈയെ 2-1ന് കീഴടിക്കിയാണ് മോഹൻ ബഗാൻ ഐഎസ്എല്‍ ലീഗ് ഷീല്‍ഡ് സ്വന്തമാക്കിയത്.
ലീഗ് ഘട്ടത്തില്‍ പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലാണ് മോഹൻ ബഗാനും മുംബൈ സിറ്റിയും ഫിനിഷ് ചെയ്‌തത്. ഒന്നാം സ്ഥാനക്കാരായി ലീഗ് ഷീല്‍ഡ് നേടിയ മോഹൻ ബഗാൻ 22 മത്സരങ്ങളില്‍ 15 ജയവും മൂന്ന് സമനിലയും സ്വന്തമാക്കി നേടിയത് 48 പോയിന്‍റ്. 22 കളിയില്‍ 14 ജയവും അഞ്ച് സമനിലയും വഴങ്ങിയ മുംബൈ 47 പോയിന്‍റോടെയാണ് രണ്ടാം സ്ഥാനക്കാരായത്.
ഹബാസിന്‍റെ കൈപിടിച്ച് ബഗാൻ:മികച്ച രീതിയില്‍ സീസണ്‍ തുടങ്ങിയെങ്കിലും ഒരുഘട്ടത്തില്‍ നിരവധി തിരിച്ചടികളാണ് മോഹൻ ബഗാന് നേരിടേണ്ടി വന്നത്. മുംബൈ സിറ്റി എഫ്‌സി, കേരള ബ്ലാസ്‌റ്റേഴ്‌സ്, എഫ്‌സി ഗോവ ടീമുകളോട് ഐഎസ്‌എല്ലില്‍ തുടര്‍തോല്‍വികള്‍. പിന്നാലെ, എഎഫ്‌സി കപ്പില്‍ ഒഡിഷയോട് 2-5ന്‍റെ കൂറ്റൻ തോല്‍വിയും പുറത്താകലും.
ഇതോടെ, പരിശീലകൻ യുവാൻ ഫെറാൻഡോയ്‌ക്കും ടീമിലെ സ്ഥാനം തെറിച്ചു. ഇതിന് പിന്നാലെയാണ് അന്‍റോണിയോ ഹബാസ് മോഹൻ ബഗാന്‍റെ ചുമതലയേറ്റെടുക്കുന്നത്. ഹബാസ് വരുമ്പോള്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരായിരുന്നു അവര്‍.