കൊളംബോ :ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17-ാം പതിപ്പിന് ആദ്യ പന്തെറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് (Chennai Super Kings) വമ്പന്‍ ആശ്വാസം. ടീമിന്‍റെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് മതീഷ പതിരണയ്‌ക്കാണ് (Matheesha Pathirana) ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഫിറ്റ്‌നസ് ക്ലിയറന്‍സ്. ഐപിഎല്ലില്‍ പന്തെറിയാന്‍ മതീഷ പതിരണ തയ്യാറാണെന്ന് വ്യക്തമാക്കി താരത്തിന്‍റെ മാനേജര്‍ അമില കലുഗലഗെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിപ്പിട്ടിട്ടുണ്ട്.
നേരത്തെ ബംഗ്ലാദേശിന് എതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ 21-കാരന്‍റെ ഇടതുകാലിന് പരിക്കേറ്റിരുന്നു. ഇതോടെ മൂന്നാം ടി20യില്‍ നിന്നും പുറത്തിരിക്കേണ്ടി വന്ന താരത്തിന് ഐപിഎല്ലിന്‍റെ ആദ്യ ഘട്ടത്തില്‍ ചെന്നൈയുടെ ഏതാനും മത്സരങ്ങള്‍ നഷ്‌ടമാവുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ നിലവില്‍ മതീഷ പതിരണയുടെ മാനേജര്‍ പങ്കുവച്ച വിവരം ചെന്നൈക്കും ആരാധകര്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണ്.
ടീമിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ താരമാണ് ജൂനിയര്‍ മലിംഗ എന്ന് വിളിപ്പേരുള്ള മതീഷ പതിരണ. കഴിഞ്ഞ സീസണില്‍ ചെന്നൈക്കായി നടത്തിയ പ്രകടനത്തിന് താരം കയ്യടി നേടി. 12 കളികളില്‍ നിന്നായി 19 വിക്കറ്റുകളായിരുന്നു പതിരണ എറിഞ്ഞിട്ടത്. ഡെത്ത് ഓവറുകളില്‍ എതിര്‍ ബാറ്റിങ് നിരയെ കുഴക്കാന്‍ തുറപ്പുചീട്ടായി ആയിരുന്നു നായകനായിരുന്ന എംഎസ് ധോണി (MS Dhoni) ലങ്കന്‍ യുവ പേസറെ ഉപയോഗിച്ചത്. പുതിയ സീസണില്‍ (IPL 2024) പുതിയ നായകന്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റേയും (Ruturaj Gaikwad) പ്രധാന ആയുധം തന്നെയാവും പതിരണ എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.