മുംബൈ :ഐപിഎല്ലിന്‍റെ (IPL 2024) പുതിയ സീസണിന് മുന്നോടിയായി രോഹിത് ശര്‍മയെ (Rohit Sharma) ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) മാനേജ്‌മെന്‍റിന്‍റെ പ്രവര്‍ത്തി ആരാധകരുടെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നേരിട്ടല്ലെങ്കിലും ടീമിന് അകത്തുനിന്ന് തന്നെ വിഷയത്തില്‍ തങ്ങളുടെ അതൃപ്‌തി പ്രകടമാക്കി ചില സൂപ്പര്‍ താരങ്ങളും രംഗത്ത് എത്തിയെന്നതും ശ്രദ്ധേയമാണ്. ഇപ്പോഴിതാ ഇതുസംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മുംബൈ പരിശീലകന്‍ മാര്‍ക്ക് ബൗച്ചറും (Mark Boucher) പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും (Hardik Pandya) മൗനം പാലിച്ചിരിക്കുകയാണ്.
പുതിയ സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു മറ്റ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയെങ്കിലും ക്യാപ്റ്റന്‍സി മാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും മാര്‍ക്ക് ബൗച്ചറും ഹാര്‍ദിക്കും തന്ത്രപരമായി ഒഴിഞ്ഞുമാറിയത്. രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതിനായി മാനേജ്‌മെന്‍റ് പറഞ്ഞ കാരണം എന്തെന്നായിരുന്നു ഒരു ചോദ്യം. മൈക്ക് കയ്യിലെടുത്തങ്കിലും ഒന്നും പറയാതെ തലയാട്ടുക മാത്രമാണ് മാര്‍ക്ക് ബൗച്ചര്‍ ചെയ്‌തത്.
ഉത്തരം വേണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ ആവര്‍ത്തിച്ചപ്പോള്‍ ബൗച്ചര്‍ തന്‍റെ തലയാട്ടല്‍ തുടരുകയാണുണ്ടായത്. ഇത് കണ്ടുകൊണ്ട് ചെറുപുഞ്ചിരിയോടെയായിരുന്നു ഹാര്‍ദിക് ഇരുന്നത്. എന്നാല്‍ പിന്നീട് തനിക്ക് നേരിടേണ്ടി വന്ന ചോദ്യത്തോട് ഹാര്‍ദിക്കും മൗനം പാലിച്ചു. ടീമിലേക്ക് തിരികെ എത്താന്‍ ഹാര്‍ദിക് ക്യാപ്റ്റന്‍ സ്ഥാനം ആവശ്യപ്പെട്ടുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കരാറില്‍ 'ക്യാപ്റ്റന്‍സി ക്ലോസ്' ഉണ്ടായിരുന്നുവോയെന്ന് ചോദിച്ചപ്പോള്‍ ഹാര്‍ദിക് മറുപടി പറയാന്‍ തയ്യാറായതേയില്ല.
അതേസമയം ക്യാപ്റ്റന്‍സി മാറ്റവുമായി ബന്ധപ്പെട്ട് രോഹിത് ശര്‍മയോട് ഇതേവരെ സംസാരിച്ചിട്ടില്ലെന്ന് താരം പറഞ്ഞത് ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. രോഹിത് നിരന്തരം യാത്രകളിലായിരുന്നു. അതിനാല്‍ തന്നെ അധികം സമയം ലഭിച്ചിട്ടില്ല. മുംബൈ ക്യാമ്പിലേക്ക് അദ്ദേഹം വന്നാല്‍ കൂടുതല്‍ സംസാരിക്കും എന്നായിരുന്നു പുതിയ മുംബൈ നായകന്‍ പറഞ്ഞത്.