പാരീസ്:പാരാലിമ്പിക്‌സിന്‍റെ മൂന്നാം ദിനം മിന്നുന്ന പ്രകടനത്തോടെ ഇന്ത്യന്‍ താരങ്ങള്‍. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ (എസ്എച്ച്1) ഇനത്തിൽ മനീഷ് നർവാളിന് വെള്ളി മെഡൽ. ഇതോടെ പാരീസിലെ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം നാലായി. മനീഷ് 234.9 സ്‌കോർ ചെയ്‌താണ് വെള്ളി സ്വന്തമാക്കിയത്. കൊറിയയുടെ ജോ ജോങ്ഡു 237.4 സ്കോറോടെ സ്വർണം നേടിയപ്പോള്‍ ചൈനയുടെ യങ് ചാവോ 214.3 സ്‌കോറോടെ വെങ്കലവും കരസ്ഥമാക്കി.
വെള്ളി മെഡലോടെ പാരാലിമ്പിക്‌സിൽ ഇന്ത്യക്കായി മെഡൽ നേടുന്ന നാലാമത്തെ താരമായി മനീഷ് മാറി. ഷൂട്ടിങ്ങിൽ ആവണി ലേഖരയും മോണ അഗർവാളും യഥാക്രമം സ്വർണവും വെങ്കലവും നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ടോക്കിയോ പാരാലിമ്പിക്‌സിൽ മനീഷ് സ്വർണം നേടിയിരുന്നു. ഇത്തവണ താരത്തിന് തുടർച്ചയായി രണ്ടാം സ്വർണം നേടാനായില്ല. വെള്ളി മെഡൽ കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.