കൊൽക്കത്ത: മാന്യത ലംഘിക്കുന്ന ഉള്ളടക്കം നിർമ്മിച്ചുവെന്നാരോപിച്ച് യൂട്യൂബർക്കെതിരെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ബംഗാൾ പോലീസില്‍ പരാതി നല്‍കി. ആർജി കാർ മെഡിക്കൽ കോളേജിലെ യുവതി ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട വീഡിയോയിലാണ് ഗാംഗുലിക്കെതിരേ മോശം പരാമര്‍ശം യൂട്യൂബർ നടത്തിയത്. പരാതി ഓൺലൈനായി ലഭിച്ചതായി പോലീസ് സൈബർ സെൽ അറിയിച്ചു. വിഷയം പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.
യൂട്യൂബർ നിരവധി വൃത്തികെട്ട അഭിപ്രായങ്ങളാണ് നടത്തിയതെന്ന് ഗാംഗുലിയുടെ സെക്രട്ടറി തനിയ ഭട്ടാചാര്യ പറഞ്ഞു. നിന്ദ്യമായ ഭാഷയാണ് ഉപയോഗിച്ചത്. ഉടനെ തടയണം. അതിനാലാണ് പരാതി നൽകിയതെന്ന് തനിയ പറഞ്ഞു.
ആർജി കാർ കേസിനെക്കുറിച്ചുള്ള സൗരവ് ഗാംഗുലിയുടെ ഒരു പരാമർശം വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. ആർജി കാർ കേസ് 'ഒറ്റപ്പെട്ട സംഭവം' ആണെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ തന്‍റെ അഭിപ്രായങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് ഗാംഗുലി പിന്നീട് വ്യക്തമാക്കി. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഗാംഗുലി ആവശ്യപ്പെട്ടു.