തെലുഗു താരം ഷർവാനന്ദിനെ നായകനാക്കി സമ്പത്ത് നന്ദി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഷര്‍വ 38'. ഷർവാനന്ദിന്‍റെ 38-ാമത് ചിത്രം ആയതിനാല്‍, താല്‍ക്കാലികമായാണ് ചിത്രത്തിന് 'ഷര്‍വ 38' എന്ന് പേരിട്ടിരിക്കുന്നത്.
സിനിമയുടെ പ്രഖ്യാപന പോസ്‌റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരു തരിശു ഭൂമിയിൽ തീപിടിക്കുന്ന ദൃശ്യമാണ് സിനിമയുടെ പ്രഖ്യാപന പോസ്‌റ്ററിൽ കാണാനാവുക. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക.
![Sharwanand next movie Sharwa 38 Sharwanand ഷര്‍വ 38 ഷർവാനന്ദ](https://etvbharatimages.akamaized.net/etvbharat/prod-images/19-09-2024/kl-ekm-1-vinayak-script_19092024095423_1909f_1726719863_466.jpeg)
1960 കളുടെ അവസാനത്തിൽ, തെലങ്കാന-മഹാരാഷ്ട്ര അതിർത്തിയിലെ വടക്കൻ തെലങ്കാനയുടെ ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. വ്യത്യസ്‌ത മേക്കോവറിലാണ് ചിത്രത്തിൽ ഷർവാനന്ദ് എത്തുന്നത്. 1960 കളിലെ ഒരു കഥാപാത്രമായി, പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രൂപത്തിലാണ് സംവിധായകൻ ഷർവാനന്ദിനെ അവതരിപ്പിക്കുക.
ഒരു പീരീഡ് ആക്ഷൻ ഡ്രാമയായാണ് ചിത്രം. ഗംഭീര ആക്ഷൻ രംഗങ്ങളും, വൈകാരിക രംഗങ്ങളും ഉൾപ്പെടുത്തിയാണ് ചിത്രം കഥ പറയുന്നത്. വെള്ളിത്തിരയിൽ ഇതുവരെ ചർച്ച ചെയ്യാത്ത ആശയത്തിലും പശ്‌ചാത്തലത്തിലുമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. അതേസമയം സിനിമയിലെ താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും കൂടുതൽ വിവരങ്ങൾ ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും.
ബിഗ് ബജറ്റില്‍ പാന്‍ ഇന്ത്യന്‍ ആയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. ശ്രീ സത്യസായി ആർട്‌സ് പ്രൊഡക്ഷന്‍റെ ബാനറില്‍ കെ.കെ രാധാമോഹൻ ആണ് സിനിമയുടെ നിര്‍മ്മാണം. സംവിധായകന്‍ സമ്പത്ത് നന്ദിയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിക്കുന്നത്. സൗന്ദർ രാജൻ എസ് ഛായാഗ്രഹണവും നിര്‍വ്വഹിക്കും. ഭീംസ് സിസിറോളിയോ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. കലാസംവിധാനം- കിരൺ കുമാർ മാനെ, പിആർഒ - ശബരി എന്നിവരും നിര്‍വ്വഹിക്കും.