ലണ്ടൻ :പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ തകര്‍ത്ത് കിരീടം നിലനിര്‍ത്താൻ പോരാടുന്ന മാഞ്ചസ്റ്റര്‍ സിറ്റി. എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ആസ്റ്റണ്‍ വില്ലയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് സിറ്റി തകര്‍ത്തത്. സിറ്റിക്കായി ഫില്‍ ഫോഡൻ ഹാട്രിക്ക് നേടി.
റോഡ്രിയാണ് ടീമിന്‍റെ മറ്റൊരു ഗോള്‍ സ്കോറര്‍. ജോണ്‍ ഡുരാനിലൂടെയാണ് എത്തിഹാദ് സ്റ്റേഡിയത്തില്‍ സന്ദര്‍ശകരായെത്തിയ ആസ്റ്റണ്‍ വില്ല ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കുന്ന 20-ാം ജയമാണിത്. 30 മത്സരം പൂര്‍ത്തിയായപ്പോള്‍ 67 പോയിന്‍റാണ് നിലവില്‍ സിറ്റിക്ക്. ആഴ്‌സണല്‍, ലിവര്‍പൂള്‍ ടീമുകള്‍ക്ക് പിന്നിലായി പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പെപ് ഗാര്‍ഡിയോളയും സംഘവും ഇപ്പോള്‍.
കിരീടം നിലനിര്‍ത്തണമെങ്കില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം വേണ്ടിയിരുന്ന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ നിഷ്‌ഭ്രമമാക്കുന്ന പ്രകടനമാണ് അവര്‍ നടത്തിയത്. തുടക്കം മുതല്‍ തന്നെ മത്സരത്തില്‍ ആതിഥേയര്‍ ആക്രമിച്ച് കളിച്ചു. 10-ാം മിനിറ്റിലാണ് മാഞ്ചസ്റ്റര്‍ സിറ്റി ലീഡ് എടുക്കുന്നത്.
മൈതാനത്തിന്‍റെ വലത് വിങ്ങിലൂടെ നടത്തിയ നീക്കത്തിനൊടുവില്‍ ജെര്‍മി ഡോക്കു നല്‍കിയ പാസ് റോഡ്രി ബോക്‌സിനുള്ളില്‍ നിന്നും കൃത്യമായി തന്നെ ആസ്റ്റണ്‍ വില്ലയുടെ വലയിലേക്ക് അടിച്ചുകയറ്റി. എന്നാല്‍, 20-ാം മിനിറ്റില്‍ സന്ദര്‍ശകര്‍ തിരിച്ചടിച്ചു. മോര്‍ഗൻ റോജേര്‍സും ജോണ്‍ ഡുരാനും ചേര്‍ന്ന് നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്.
പിന്നീട്, നിരവധി അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് സിറ്റിയ്‌ക്ക് ലീഡ് പിടിക്കാനായത്. ഫ്രീ കിക്കില്‍ നിന്നും ഫില്‍ ഫോഡൻ ആയിരുന്നു സിറ്റിക്കായി ഗോള്‍ നേടിയത്. ഇതോടെ, ഒന്നാം പകുതി 2-1 എന്ന സ്കോറില്‍ അവസാനിച്ചു.
രണ്ടാം പകുതിയലും സിറ്റി ആക്രമണം തുടര്‍ന്നു. 62-ാം മിനിറ്റില്‍ ആതിഥേയര്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. റോഡ്രിയുടെ അസിസ്റ്റ് സ്വീകരിച്ചായിരുന്നു ഫോഡൻ രണ്ടാമത്തെ ഗോള്‍ ആസ്റ്റണ്‍ വില്ലയുടെ വലയില്‍ എത്തിച്ചത്.
69-ാം മിനിറ്റില്‍ ഫോഡൻ തന്‍റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി. ബോക്‌സിന് തൊട്ട് പുറത്ത് നിന്നും ഫോഡൻ തന്‍റെ ഇടംകാലുകൊണ്ട് പായിച്ച ഷോട്ട് ആസ്റ്റണ്‍ വില്ലയുടെ ഗോള്‍ വലയ്‌ക്കുള്ളില്‍ കയറുകയായിരുന്നു. മറുവശത്ത്, തിരിച്ചടിക്കാനുള്ള സന്ദര്‍ശകരുടെ മിക്ക ശ്രമങ്ങളും മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ കീപ്പര്‍ സ്റ്റെഫാൻ ഒർട്ടേഗ രക്ഷപ്പെടുത്തുകയായിരുന്നു.
Also Read :ലൂട്ടണ്‍ ടൗണ്‍ തോറ്റു; പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ ഒന്നാമത് - Arsenal Vs Luton Town Result