ബലെയാറിക്: സ്‌പാനിഷ് ലാ ലിഗയിലെ പുതിയ സീസണ്‍ ജയിച്ച് തുടങ്ങാനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരെ സമനിലയില്‍ തളച്ച് മയോര്‍ക്ക. എസ്റ്റാഡി മയേര്‍ക്ക സണ്‍ മൊയിക്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓരോ ഗോളുകള്‍ അടിച്ചാണ് ഇരു ടീമും പിരിഞ്ഞത്. റയലിനായി റോഡ്രിയും മയോര്‍ക്കയ്‌ക്കായി വെദാത്ത് മുരിഹിയുമാണ് ഗോള്‍ നേടിയത്.
ലാ ലിഗയിലെ അരങ്ങേറ്റക്കാരൻ കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിങ്‌ഹാം ഉള്‍പ്പടെയുള്ള പ്രധാന താരങ്ങളെയെല്ലാം ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് റയല്‍ കളത്തിലിറങ്ങിയത്. പതിഞ്ഞ താളത്തില്‍ തുടങ്ങിയ മത്സരത്തില്‍ 15 മിനിറ്റ് പൂര്‍ത്തിയാകും മുന്‍പ് തന്നെ ലീഡ് പിടിക്കാൻ റയല്‍ മാഡ്രിഡിനായി. മയോര്‍ക്കയുടെ ബോക്‌സിനുള്ളില്‍ നിന്നും വിനീഷ്യസിന്‍റെ ബാക്ക് ഹീല്‍ പാസ് സ്വീകരിച്ചുകൊണ്ട് 11-ാം മിനിറ്റിലായിരുന്നു റോഡ്രിഗോ സ്പാനിഷ് ചാമ്പ്യന്മാരെ മുന്നിലെത്തിച്ചത്.
ലീഡ് നേടിയതിന് പിന്നാലെ റയല്‍ കളിയുടെ നിയന്ത്രണവും ഏറ്റെടുത്തു. മികച്ച രീതിയിലാണ് റയല്‍ ആക്രമണങ്ങള്‍ മെനഞ്ഞത്. എന്നാല്‍, മറുവശത്ത് കൃത്യമായി പദ്ധതികളോടെ തന്നെ റയല്‍ മുന്നേറ്റങ്ങളെ ചെറുക്കാൻ മയോര്‍ക്കയുടെ പ്രതിരോധത്തിനായി.
ആദ്യ പകുതിയുടെ അവസാന 10 മിനിറ്റിലേക്ക് മത്സരം എത്തിയപ്പോഴേക്കും മയോര്‍ക്കയുടെ പ്രതിരോധനിര മത്സരത്തില്‍ താളം കണ്ടെത്തിയിരുന്നു. കൂടാതെ, ഈ സമയം റയല്‍ ബോക്‌സില്‍ ഭീഷണി സൃഷ്‌ടിക്കാനും അവര്‍ക്കായി. ആദ്യ പകുതിയ്‌ക്ക് അധികസമയമായി മൂന്ന് മിനിറ്റായിരുന്നു അനുവദിച്ചത്. ഈ സമയത്ത് മികച്ച അവസരങ്ങള്‍ സൃഷ്‌ടിക്കാൻ ഇരു ടീമിനും സാധിച്ചില്ല.