കേരളം

kerala

ETV Bharat / sports

അധീര്‍ രഞ്ജന്‍റെ കുറ്റിയിളക്കിയ മമതയുടെ സൂപ്പര്‍ യോര്‍ക്കര്‍; രാഷ്‌ട്രീയ അരങ്ങേറ്റവും ഗംഭീരമാക്കി യൂസഫ് പഠാന്‍ - Yusuf Pathan won in Baharampur - YUSUF PATHAN WON IN BAHARAMPUR

പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് കോട്ടയായ ബെഹാറാംപൂര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ച് കയറി ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം യൂസഫ്‌ പഠാന്‍.

LOK SABHA ELECTIONS RESULT 2024  MAMATA BANERJEE  യൂസഫ് പഠാന്‍  തെരഞ്ഞെടുപ്പ് 2024
Yusuf Pathan (IANS)

By ETV Bharat Kerala Team

Published : Jun 5, 2024, 6:17 PM IST

കൊല്‍ക്കത്ത: ഇന്ത്യ കിരീടം നേടിയ 2007 ടി20 ലോകകപ്പിലെ പാക്കിസ്ഥാനെതിരായ ഫൈനല്‍ മത്സരത്തിലൂടെ അന്താരാഷ്‌ട്ര അരങ്ങേറ്റം കുറിച്ച താരമാണ് യൂസഫ്‌ പഠാന്‍. 2011-ലെ ഏകദിന ലോകകപ്പടക്കം ക്രിക്കറ്റില്‍ പിന്നീട് നിരവധി നേട്ടങ്ങള്‍ യൂസഫ്‌ പഠാന്‍ സ്വന്തമാക്കി. ഇപ്പോള്‍ രാഷ്‌ട്രീയ അരങ്ങേറ്റവും ഗംഭീരമാക്കിയിരിക്കുകയാണ് താരം.

കോണ്‍ഗ്രസ് കോട്ടയായ ബെഹാറാംപൂര്‍ മണ്ഡലത്തില്‍ നിന്നും തൃണമൂൽ കോൺഗ്രസ് ടിക്കറ്റിലാണ് 41-കാരന്‍ ജയിച്ച് കയറിയത്. അതും കോണ്‍ഗ്രസിന്‍റെ കരുത്തനായ നേതാവ് അധീർ രഞ്ജൻ ചൗധരിയ്‌ക്കെതിരെ മികച്ച ഭൂരിപക്ഷത്തില്‍. 2014-ലെയും 2019-ലെയും മമതാ തരംഗത്തിനിടെയിലും അധീര്‍ രഞ്ജന്‍ ചൗധരിയ്‌ക്കൊപ്പം അടിയുറച്ച് നിന്ന മണ്ഡലമാണ് ബെഹാറാംപൂര്‍ .

1999 മുതല്‍ അഞ്ച് തവണയാണ് അധീര്‍ രഞ്ജന്‍ ചൗധരി ബെഹാറാംപൂരിനെ പ്രതിനിധീകരിച്ചത്. ഇത്തവണ അധീര്‍ രഞ്ജനെതിരെ മമതയുടെ തുറുപ്പുചീട്ടായാണ് യൂസഫ്‌ പഠാന്‍ എത്തുന്നത്. താരത്തിന്‍റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ പലരും നെറ്റിചുളിച്ചിരുന്നു. കോണ്‍ഗ്രസ് കോട്ടയില്‍ യൂസഫിന് തോല്‍വിയെന്നും പലരും അടക്കം പറയുകയും ചെയ്‌തു.

എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ ആശങ്കകളെയൊക്കെ ഒരു കൂറ്റന്‍ സിക്‌സറു കണക്കെ അടിച്ച് പറത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍. 85,022 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യൂസഫ് പഠാന്‍ തന്‍റെ എതിരാളികളെ തോല്‍പ്പിച്ചത്. 5,24,516 വോട്ടുകളാണ് അദ്ദേഹം നേടിയത്. അധീര്‍ രഞ്ജന്‍ ചൗധരിയ്‌ക്ക് 4,39,494 വോട്ടുകൾ ലഭിച്ചു.

ബിജെപി ടിക്കറ്റില്‍ മത്സരിച്ച ഡോ നിർമൽ കുമാർ സാഹ 3,71,885 വോട്ടുകളും നേടി. ഗണ്യമായ മുസ്‌ലിം ജനസംഖ്യയുള്ള മണ്ഡലമാണ് ബെഹ്റാംപൂര്‍. അധീര്‍ രഞ്ജന്‍റെ കുറ്റിയിളക്കാന്‍ ഇവിടെ പഠാനെ ഇറക്കിയ മമത ബാനർജിയുടെ തീരുമാനം ഒരു സൂപ്പര്‍ യോര്‍ക്കറായെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോള്‍.

ഇന്ത്യയ്‌ക്കായി 57 ഏകദിനങ്ങളും 22 ടി20 മത്സരങ്ങളും കളിച്ച താരമാണ് യൂസഫ്‌ പഠാന്‍. ഏകദിനത്തില്‍ 810 റണ്‍സും 33 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. ടി20യില്‍ 236 റണ്‍സും 13 വിക്കറ്റുകളുമാണ് സമ്പാദ്യം.

ALSO READ: 'ഉദ്വേഗഭരിതം, അപ്രതീക്ഷിതം': ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന ജയപരാജങ്ങള്‍ - Key Wins And Notable Losses In 2024 LS Results

ABOUT THE AUTHOR

...view details