ലണ്ടൻ :എഫ്‌എ കപ്പ് (FA Cup) ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ലിവര്‍പൂള്‍ (Liverpool). അഞ്ചാം റൗണ്ടില്‍ സൗതാംപ്‌ടണെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ചെമ്പടയുടെ മുന്നേറ്റം (Liverpool vs Southampton FA Cup 5th Round Match Result). ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ലിവര്‍പൂളിന്‍റെ എതിരാളികള്‍ (FA Cup Quarter Final Liverpool vs Manchester United).
ആൻഫീല്‍ഡില്‍ ജെയ്‌ഡൻ ഡാൻസിന്‍റെ (Jayden Danns) ഇരട്ടഗോളുകളാണ് ലിവര്‍പൂളിന് അനായാസ ജയം സമ്മാനിച്ചത്. യുവതാരം ലൂയിസ് കുമാസാണ് ആതിഥേയരുടെ മറ്റൊരു ഗോള്‍ സ്കോറര്‍. യുവതാരങ്ങളെയാണ് എഫ്‌എ കപ്പിന്‍റെ അഞ്ചാം റൗണ്ടിലും ലിവര്‍പൂള്‍ പരിശീലകൻ യര്‍ഗൻ ക്ലോപ്പ് കളത്തിലിറക്കിയത്. പ്രമുഖരില്‍ പലരും ഇല്ലാതെ ഇറങ്ങിയ ലിവര്‍പൂള്‍ മത്സരത്തിന്‍റെ 44-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. ലൂയിസ് കുമാസായിരുന്നു ഗോള്‍ സ്കോറര്‍.
അതിന് മുൻപ് മത്സരത്തിന്‍റെ ആദ്യ മിനിറ്റില്‍ തന്നെ സൗത്താംപ്‌ടൺ ലിവര്‍പൂള്‍ വലയില്‍ പന്തെത്തിച്ചിരുന്നു. എന്നാല്‍, ലിവര്‍പൂള്‍ വലയില്‍ പന്തെത്തിച്ച സന്ദര്‍ശകരുടെ മുന്നേറ്റനിര താരം സീക്കോ മാര ഓഫ്‌സൈഡില്‍ കുടുങ്ങിയത് അവര്‍ക്ക് തിരിച്ചടിയായി. തുടര്‍ന്നും ആതിഥേയരെ പ്രതിരോധത്തിലാക്കാൻ സൗത്താംപ്‌ടണിനായി.
ആദ്യ പത്ത് മിനിറ്റിനുള്ളില്‍ തന്നെ വമ്പൻ അവസരങ്ങളായിരുന്നു അവര്‍ സൃഷ്‌ടിച്ചെടുത്തത്. എന്നാല്‍, ഫിനിഷിങ്ങിലെ പാളിച്ചകളായിരുന്നു അവര്‍ക്ക് തിരിച്ചടിയായത്. രണ്ടാം പകുതിയിലും ഗോളിന് അരികില്‍ വരെയെത്താൻ മാത്രമായിരുന്നു സൗത്താംപ്‌ടണിനായത്.