പാരിസ് :സീസണ്‍ അവസാനത്തോടെ ക്ലബ് വിടുന്ന കാര്യം പിഎസ്‌ജിയെ (PSG) ഔദ്യോഗികമായി അറിയിച്ച് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ (Kylian Mbappe). നിലവില്‍ സീസണ്‍ അവസാനിക്കുന്നത് വരെയാണ് എംബാപ്പെയ്‌ക്ക് പിഎസ്‌ജിയുമായി കരാറുള്ളത്. കരാര്‍ അവസാനിക്കുന്നതോടെ ഫ്രീ ഏജന്‍റായി ക്ലബ് വിടാനുള്ള നീക്കത്തിലാണ് നിലവില്‍ താരം.
ക്ലബ് വിടാനുള്ള കിലിയന്‍ എംബാപ്പെയുടെ തീരുമാനം വരും ദിവസങ്ങളില്‍ ഔദ്യോഗിക പ്രസ്‌താവനയിലൂടെ പിഎസ്‌ജി അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2017ല്‍ വായ്‌പ അടിസ്ഥാനത്തില്‍ മൊണോക്കോയില്‍ നിന്നാണ് എംബാപ്പെ പിഎസ്‌ജിയിലേക്ക് എത്തുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ താരത്തെ ക്ലബ് സ്വന്തമാക്കുകയും ചെയ്‌തിരുന്നു.
പിഎസ്‌ജിക്കായി 290 മത്സരങ്ങളില്‍ നിന്നും 243 ഗോളും 90 അസിസ്റ്റുകളുമാണ് എംബാപ്പെ ഇതുവരെ നേടിയിട്ടുള്ളത് (Kylian Mbappe Stats In PSG). അഞ്ച് ലീഗ്-1 കിരീടങ്ങളും പിഎസ്‌ജിയ്‌ക്കൊപ്പം എംബാപ്പെ നേടിയിട്ടുണ്ട്.
അതേസമയം, പിഎസ്‌ജിയില്‍ നിന്നും കിലിയന്‍ എംബാപ്പെ ഏത് ക്ലബിലേക്ക് ചേക്കേറുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. സ്‌പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്കാണ് (Real Madrid) താരത്തിന്‍റെ കൂടുമാറ്റമെന്നാണ് പൊതുവെയുള്ള സംസാരം. കഴിഞ്ഞ കുറച്ച് സീസണുകളിലായി എംബാപ്പെയെ കൂടാരത്തിലെത്താക്കാനായി കിണഞ്ഞ് പരിശ്രമിക്കുകയാണ് റയല്‍.