ന്യൂയോർക്ക്: ലോക ചെസില്‍ ദൊമ്മരാജു ഗുകേഷിന് പിന്നാലെ ഇന്ത്യയിലേക്ക് ഈ വര്‍ഷം മറ്റൊരു കിരീടം കൂടി. ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ ഗ്രാന്‍ഡ്‌മാസ്റ്റര്‍ കൊനേരു ഹംപി. ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്‍റെ 11-ാം റൗണ്ടില്‍ ഇന്തൊനീഷ്യയുടെ ഐറിന്‍ സുകന്ദറിനെ പരാജയപ്പെടുത്തിയാണ് 8.5 പോയിന്‍റോടെ ഹംപിയുടെ കിരീടനേട്ടം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇതു രണ്ടാം തവണയാണ് ഹംപി ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടമണിയുന്നത്. നേരത്തെ, 2019-ല്‍ ജോർജിയയിലായിരുന്നു 37-കാരി ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് വിജയിച്ചത്. വനിത വിഭാഗത്തില്‍ ചൈനയുടെ ജൂ വെൻജൂനിനു ശേഷം ഒന്നിലധികം തവണ ലോക റാപ്പിഡ് ചെസ് കിരീടം നേടുന്ന ആദ്യ താരമായും കൊനേരു ഹംപി മാറി.
റാപ്പിഡ് ചാമ്പ്യന്‍ഷിപ്പുകളില്‍ കരിയറില്‍ ഉടനീളം സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത താരമാണ് ഹംപി. 2012-ല്‍ മോസ്‌കോയില്‍ നടന്ന റാപ്പിഡ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു. തുടര്‍ന്ന് 2019-ല്‍ കൂടുതല്‍ മികവാര്‍ന്ന പ്രകടനം നടത്തിയ താരം ചൈനയുടെ ലീ ടിങ്ജിയെ പരാജയപ്പെടുത്തി കിരീടത്തിലേക്ക് എത്തി. 2023-ല്‍ ഉസ്‌ബെക്കിസ്ഥാനിലെ സമര്‍കണ്ടില്‍ വെള്ളി മെഡല്‍ നേടാനും ഹംപിക്ക് കഴിഞ്ഞു.
റാപ്പിഡ് ചെസിലെ നേട്ടങ്ങൾക്ക് പുറമേ, മറ്റ് ഫോർമാറ്റുകളിലും ഹംപി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 2022 ലെ വനിതാ വേൾഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഹംപി 2024 ലെ വനിതാ കാൻഡിഡേറ്റ്സ് ടൂർണമെന്‍റിൽ രണ്ടാം സ്ഥാനവും സ്വന്തമാക്കിയിരുന്നു.
ALSO READ:ലോക ചെസ്സില്‍ ഇനി ഇന്ത്യന്‍ വസന്തം; ചതുരംഗക്കളം വാഴാന്‍ ഡി ഗുകേഷ് മുതല്‍ വിദിത് ഗുജറാത്തി വരെ - INDIAN DOMINANCE IN WORLD CHESS
അതേസമയം, പുരുഷ വിഭാഗത്തിൽ റഷ്യയുടെ 18-കാരന്‍ വൊലോദർ മുർസിനാണ് കിരീടം സ്വന്തമാക്കിയത്. ഇതോടെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാവാന്‍ വൊലോദർ മുർസിന് കഴിഞ്ഞു. 17-ാം വയസിൽ കിരീടം ചൂടിയ ഉസ്ബെക്കിസ്ഥാൻ താരം നോദിർബെക് അബ്‌ദുസത്തോറോവാണ് ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരം.