മുംബൈ:ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ (India vs England 4th Test) ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ നിന്നും രജത് പടിദാര്‍ (Rajat patidar ) പുറത്തേക്കെന്ന് റിപ്പോര്‍ട്ട്. കളിച്ച രണ്ട് മത്സരങ്ങളിലും താരത്തിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിലൂടെയായിരുന്നു രജത് പടിദാര്‍ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തിയത്.
മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 72 പന്തുകളില്‍ നിന്നും 32 റണ്‍സ് നേടിയ താരത്തിന് രണ്ടാം ഇന്നിങ്‌സിലേക്ക് എത്തിയപ്പോള്‍ 19 പന്തുകളില്‍ നിന്നും ഒമ്പത് റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. രാജ്‌കോട്ടിലെ മൂന്നാം ടെസ്റ്റില്‍ കളിച്ച ആദ്യ ഇന്നിങ്‌സില്‍ 15 പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്.
23-ന് റാഞ്ചിയിലാണ് നാലാം ടെസ്റ്റ് ആരംഭിക്കുക. മത്സരത്തില്‍ കെഎല്‍ രാഹുല്‍ (KL Rahul) കളിക്കുമെന്നാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ശുഭ്‌മാന്‍ ഗില്‍, സര്‍ഫറാസ് ഖാന്‍ എന്നിവര്‍ മികച്ച പ്രകടനം നടത്തിയ സാഹചര്യത്തില്‍ രാഹുലിന് വഴിയൊരുക്കാനുള്ള ചുമതല രജതിന് തന്നെയാവും. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് വിശാഖപട്ടണത്തും രാജ്‌കോട്ടിലും രാഹുല്‍ കളിച്ചിരുന്നില്ല.
രാജ്‌കോട്ടില്‍ ഉള്‍പ്പെടെയുള്ള അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഫിറ്റ്‌നസിന് വിധേയമായി ആവും രാഹുല്‍ കളിക്കാന്‍ ഇറങ്ങുകയെന്ന് സെലക്‌ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഫിറ്റ്‌നസ് തെളിയിക്കാന്‍ കഴിയാതിരുന്നതോടെയായിരുന്നു രാജ്‌കോട്ടില്‍ താരത്തിന് പുറത്തിരിക്കേണ്ടി വന്നത്. അന്ന് 90 ശതമാനത്തിലേറെ ഫിറ്റ്‌നസ് വീണ്ടെടുത്ത രാഹുലിന് റാഞ്ചിയില്‍ കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ബിസിസിഐ വൃത്തങ്ങള്‍ പങ്കുവച്ചിരുന്നു.