ന്യൂഡൽഹി: ബജറ്റ് അവതരണത്തിന് ഇത്തവണ മധുബനി സാരി ധരിച്ച് നിർമലാ സീതാരാമൻ. എല്ലാ തവണയും നിർമലാ സീതാരാമൻ്റെ ബജറ്റ് സാരി ചർച്ചയാകാറുണ്ട്. കഴിഞ്ഞ തവണത്തെ നീല സാരിയും വലിയ ചർച്ചയായിരുന്നു. ചിത്രത്തുന്നലിൽ ബംഗാളിലെ കുടിൽവ്യവസായമെന്ന നിലയിൽ പേരുകേട്ട ‘കാന്ത’ വർക്ക് സാരിയാണ് കഴിഞ്ഞ തവണ ഉടുത്തതെങ്കിൽ ഇത്തവണ ബിഹാറിൽ നിന്നുള്ള മധുബനി സാരി ധരിച്ചാണ് ധനമന്ത്രിയുടെ വരവ്.
ബീഹാറിലെ മിഥില മേഖലയിൽ നിന്നുള്ള ഒരു പരമ്പരാഗത നാടോടി കലാരൂപമാണ് മധുബനി കല. സങ്കീർണമായ ജ്യാമിതീയ പാറ്റേണുകൾ, പുഷ്‌പ രൂപങ്ങൾ, പ്രകൃതിയുടെയും പുരാണങ്ങളുടെയും ചിത്രീകരണങ്ങൾ എന്നിവയാൽ സവിശേഷമാണ് സാരി. ബജറ്റിലെ പ്രഖ്യാപനങ്ങൾക്കൊപ്പം ധനമന്ത്രി നിർമല സീതാരാമൻ്റെ ഫാഷൻ സ്റ്റൈൽ ഇത്തവണയും ചർച്ചയായിരിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മധുബനി കലയ്ക്കും 2021 ലെ പത്മപുരസ്‌കാര ജേതാവ് ദുലാരി ദേവിക്കും ആദരസൂചകമായാണ് ഇത്തവണത്തെ ബജറ്റ് സാരി. ദുലാരി ദേവിയുടെ അഭ്യർഥനയെ തുടർന്നാണ് മധുബനി സാരി ധരിച്ച് ബജറ്റ് മന്ത്രി അവതരണത്തിന് എത്തിയതെന്നാണ് റിപ്പോർട്ട്. കൂടാതെ പരമ്പരാഗത ഫാഷനിൽ ഒട്ടും വിട്ടുവീഴ്‌ച ചെയ്യാത്ത ധനമന്ത്രിക്ക് ഇത്തവണ സാരി സമ്മാനിച്ചത് ദുലാരി ദേവിയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
സാംസ്‌കാരിക പൈതൃകത്തിൻ്റെ സൂചകമായ പരമ്പരാഗത നാടോടി കലാരൂപമാണ് മധുബനി കല. കൂടാതെ ഇത്തവണ പേപ്പർ രഹിത ബജറ്റ് ആണ് അവതരിപ്പിക്കുക. അതായത് ടാബ് നോക്കിയാകും ബജറ്റ് അവതരിപ്പിക്കുക. വിതരണം ചെയ്യാനുള്ള ബജറ്റ് പകർപ്പുകൾ പാർലമെൻ്റിൽ ഇതിനകം എത്തിച്ചിട്ടുണ്ട്.