അണ്ടർ 19 വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ വനിതകളുടെ വിജയഗാഥ തുടരുന്നു. ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ തോല്‍പ്പിച്ചു. മലയാളി താരം ജോഷിത വീണ്ടും നിറഞ്ഞാടിയ മത്സരത്തില്‍ 60 റണ്‍സിന്‍റെ തകര്‍പ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ടോസ് നേടിയ ശ്രീലങ്ക ആദ്യം ബൗളിങ് തെരഞ്ഞെടുക്കുകയും ഇന്ത്യയെ ബാറ്റിങ്ങിന് അയയ്‌ക്കുകയും. എന്നാല്‍ ഇന്ത്യയുടെ മുൻനിര ബാറ്റര്‍മാരെല്ലാം റണ്‍സൊന്നും എടുക്കാൻ കഴിയാതെ പാടുപെടുന്ന കാഴ്‌ചയാണ് കണ്ടത്. മുൻനിര ബാറ്റര്‍മാരെല്ലാം രണ്ടക്കം കാണാതെ കൂടാരം കയറി.
നിശ്ചിത ഓവറിൽ 118 റൺസ് നേടാനാണ് ഇന്ത്യയ്‌ക്ക് സാധിച്ചത്. 49 റൺസ് നേടിയ ഇന്ത്യൻ ഓപ്പണര്‍ തൃഷ ഗോംഗഡി മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചത്. മിഥിലയുടെ 16 റണ്‍സും, ഒരു സിക്‌സും ഒരു ഫോറും അടക്കം 9 പന്തിൽ 14 റൺസെടുത്ത ജോഷിതയുടെ മികവുമാണ് ഇന്ത്യൻ സ്കേർ 100 കടത്തിയത്.
മറുപടി ബാറ്റിങ്ങില്‍ വിജയലക്ഷ്യം അനായാസം മറികടക്കാമെന്ന് കരുതി ഇറങ്ങിയ ലങ്കയ്‌ക്ക് തുടക്കം തന്നെ പാളുന്ന കാഴ്‌ചയാണ് കണ്ടത്. നിശ്ചിത ഓവറിൽ 58 റൺസിന് ലങ്കയുടെ എല്ലാവരും പുറത്തായി. ഇന്ത്യയ്‌ക്കായി ബൗളിങ്ങിലും ജോഷിത മികച്ച പ്രകടനം പുറത്തെടുത്തു, രണ്ട് നിര്‍ണായക വിക്കറ്റുകള്‍ വീഴ്‌ത്താൻ താരത്തിന് സാധിച്ചു. ശബ്‌നം, ജോഷിത, പരുണിക സിസോദിയ എന്നിവർ രണ്ട് വീതം വിക്കറ്റും വൈഷ്‌ണവി ശർമ്മ, ആയുഷി ശുക്ല എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ഈ തകര്‍പ്പൻ ജയത്തോടെ ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായി ഇന്ത്യ സൂപ്പര്‍ സിക്‌സിലേക്ക് പ്രവേശിച്ചു. വെസ്‌റ്റിൻഡീസിന് എതിരെയും മലേഷ്യയ്‌ക്കെതിരെയും ഇന്ത്യ തകര്‍പ്പൻ ജയം സ്വന്തമാക്കിയിരുന്നു. വിൻഡീസിനെതിരെ രണ്ട് വിക്കറ്റ് വീഴ്‌ത്തി മികച്ച പ്രകടനം കാഴ്‌ചവച്ച വയനാട്ടുകാരി ജോഷിത പ്ലെയര്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തിരുന്നു.
Read Also:31ന് ഓൾഔട്ട്..! മലേഷ്യയെ നാണംകെടുത്തി ഇന്ത്യന്‍ വനിതകള്‍, വൈഷ്‌ണവിക്ക് അഞ്ചുവിക്കറ്റ്