അഹമ്മദാബാദ്: ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ കടന്ന് കേരളം. സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയതോടെ കേരളം ഫൈനൽ ബർത്ത് ഉറപ്പിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കേരളം ചരിത്ര നേട്ടം കുറിച്ചത്.
കേരളം ഉയർത്തിയ ഒന്നാം ഇന്നിംങ്സ് സ്‌കോറായ 457 റണ്‍സിന് മറുപടി ബാറ്റിങിനിറങ്ങിയ തുടങ്ങിയ ഗുജറാത്ത് വെറും രണ്ട് റൺ അകലത്തിലാണ് ലീഡ് കൈവിട്ടത്. ഇന്ന് നടന്ന ത്രസിപ്പിക്കുന്ന പോരാട്ടത്തിൽ ഗുജറാത്ത് 455 റൺസിന് ഓൾ ഔട്ടായി.
ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 429 റണ്‍സെന്ന നിലയിലായിരുന്നു. ഇന്ന് വെറും 28 റൺസ് അടിച്ചെടുത്തെങ്കിൽ ഗുജറാത്ത് ഫൈനലിൽ കടക്കുമായിരുന്നു. 161 പന്തില്‍ 74 റണ്ണടിച്ച ജെ എം പട്ടേലും 134 പന്തില്‍നിന്ന് 24 റൺസ് നേടിയ സിദ്ധാര്‍ഥ് ദേശായിയുമാണ് ഇന്ന് കളി തുടങ്ങിയപ്പോൾ ഗുജറാത്തിനായി ക്രീസിലുണ്ടായിരുന്നത്.
ഇന്ന് തുടക്കത്തിൽ തന്നെ ആദിത്യ സർവതേ ഇരുവരുടെയും വിക്കറ്റുകളെടുത്തു. ഒടുവിൽ ആദിത്യ സർവതേയുടെ പന്തില്‍ ബൗണ്ടറിയടിക്കാന്‍ ശ്രമിച്ച അര്‍സാന്‍ നാഗ്വസ്വാലയുടെ ഷോട്ട് സച്ചിൻ ബേബി കൈപ്പിടിയിൽ ഒതുക്കിയതോടെ ഗുജറാത്ത് കേരളം ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക് എത്തുകയായിരുന്നു.
മൂന്നാം ദിനം ഒന്നാം ഇന്നിങ്സില്‍ പുറത്താകാതെ 177 റൺസെടുത്ത മുഹമ്മജ് അഹ്സറുദ്ദീന്‍റെ പ്രകടനത്തില്‍ കേരളം 457 റൺസെടുത്തിരുന്നു. ക്യാപ്‌റ്റന്‍ സച്ചിന്‍ ബേബി (69), സല്‍മാന്‍ നിസാര്‍ (52) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
അക്ഷയ് ചന്ദ്രൻ (30), രോഹൻ കുന്നുമ്മൽ (30), ജലജ് സക്‌സേന (30) എന്നിവരും കേരളത്തിനായി തിളങ്ങി. അരങ്ങേറ്റക്കാരന്‍ അഹമ്മദ് ഇമ്രാന്‍ 24 റണ്‍സ് സ്വന്തമാക്കി. മൂന്നാം ദിനം കേരളം 39 റൺസ് കൂടി ചേർക്കുമ്പോഴേയ്ക്കും ശേഷിച്ച മൂന്നു ബാറ്റര്‍മാരും പുറത്തായി. ആദിത്യ സർവാതെ, എം ഡി നിധീഷ്, എൻ പി ബേസിൽ എന്നിവരായിരുന്നു മൂന്നാം ദിനത്തിൽ കേരളത്തിന് നഷ്‌ടമായത്.
Also Read:വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്ന് ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ രഞ്ജി കളിക്കുന്നു