എറണാകുളം: കേരളത്തിൽ 5,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ്. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിലാണ് പ്രഖ്യാപനം. അഞ്ച് വർഷത്തിനുള്ളിലായിരിക്കും നിക്ഷേപമെന്ന് ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ അഷറഫലി എംഎ അറിയിച്ചു.
ഫുഡ് പ്രോസസിങ് സോൺ കളമശേരിയിൽ സ്ഥാപിക്കും. ഗ്ലോബൽ സിറ്റി, ഐടി പാർക്ക്, റീട്ടെയിൽ മേഖലയിൽ കൂടുതൽ മിനി ഷോപ്പിങ് മാളുകൾ തുടങ്ങിയവയിലായിരിക്കും നിക്ഷേപം നടത്തുക. ഫ്രൂട്ട് പ്രൊസസിങ് യൂണിറ്റുകൾ സ്ഥാപിച്ച് മൂല്യവർധിത ഉത്പന്നങ്ങൾ കയറ്റുമതിക്കായി തയ്യാറാക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
15,000 പേർക്കാണ് പുതിയ പദ്ധതികളിലൂടെ ജോലി ലഭിക്കുക എന്നും ലുലു ഗ്രൂപ്പ് അധികൃതർ വ്യക്തമാക്കി. പൂനെയിൽ നിന്നുള്ള മൊണാർക്ക് ഗ്രൂപ്പും കേരളത്തില്‍ 5,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി കൊച്ചിയിൽ ഹിൽടോപ്പ് സിറ്റി സ്ഥാപിക്കും.
400 ഹെക്‌ടര്‍ സ്ഥലത്ത് നെടുമ്പാശ്ശേരിക്ക് സമീപം അയ്യമ്പുഴയിലാണ് പദ്ധതി നടപ്പിലാക്കുക. മാൾ, റസിഡൻഷ്യൽ ഏരിയ, സ്വകാര്യ യൂണിവേഴ്‌സിറ്റി, സ്‌കൂളുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഹിൽടോപ്പ് സിറ്റിയെന്നും കമ്പനി അധികൃതർ അറിയിച്ചു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്‍റെ ഭാഗമായി ഐടി മേഖലയിലെ നിക്ഷേപകരുമായി മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി.രാജീവും ചർച്ച നടത്തി. ഐടി മേഖലയിലും വലിയ നിക്ഷേപമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.