തിരുവനന്തപുരം: ഉത്തരാഖണ്ഡില്‍ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസില്‍ കേരളം 29 കായിക ഇനങ്ങളില്‍ മത്സരിക്കുമെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് യു. ഷറഫലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 28 മുതല്‍ ഫെബ്രുവരി 14 വരെയാണ് ഗെയിംസ് നടക്കുന്നത്. വിവിധ കായിക ഇനങ്ങളിലെ പരിശീലന ക്യാമ്പുകള്‍ വിവിധ സ്റ്റേഡിയങ്ങളിലായി പുരോഗമിക്കുകയാണ്. നിലവില്‍ ഒന്നാംഘട്ട പരിശീലനം പൂര്‍ത്തിയായെന്ന് ഷറഫലി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്ന എല്ലാ കായിക താരങ്ങളും പരിശീലകര്‍ ഉള്‍പ്പെടെയുളള ഒഫിഷ്യല്‍സും ഇത്തവണ വിമാനത്തിലാണ് യാത്ര ചെയ്യുന്നത്. സംസ്ഥാന കായിക ചരിത്രത്തിലാദ്യമായാണ് ദേശീയ ഗെയിംസിലേക്ക് താരങ്ങള്‍ വിമാനത്തില്‍ പോകുന്നത്. കൂടാതെ മത്സരിക്കുന്ന കായിക താരങ്ങള്‍ക്ക് 2000 രൂപ പോക്കറ്റ് മണിയും അനുവദിക്കും. മികച്ച പരിശീലകരുടെ സേവനം അതത് കായിക അസോസിയേഷനുമായി ചേര്‍ന്നുകൊണ്ട് ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള ടീമിന്‍റെ ഏകാപനത്തിനായി ഒരു കോര്‍ഡിനേഷന്‍ ടീമിനെ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിയോഗിക്കും. മത്സരം നടക്കുന്ന പ്രദേശം തണുപ്പ് കൂടുതല്‍ ഉളള സ്ഥലമായതിനാല്‍ താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ്, ട്രാക്ക് സ്യൂട്ട് എന്നിവയോടൊപ്പം സ്വറ്ററും നല്‍കും. കൂടാതെ ഗുണന്മേയുളള കായിക ഉപകരണങ്ങള്‍ ലഭ്യമാക്കും.
അംഗീകാരമുളള കായിക ഇനങ്ങളിലെ ടീമുകള്‍ക്ക് നല്‍കുന്നതുപോലെ തന്നെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ അംഗീകാരമില്ലാത്തതുമായ കായിക ഇനങ്ങളിലെ ടീമുകളെ പങ്കെടുപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. വനിതാ ടീമുകളോടൊപ്പം വനിതാ മാനേജര്‍ സേവനം ലഭ്യമാക്കും.
ഫിസിയോതെറാപ്പിസ്റ്റ്, മാസിയേഴ്‌സ്, സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനവും ഗെയിംസില്‍ ഉറപ്പാക്കും. പരിശീലന ക്യാമ്പുകളില്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിയോഗിച്ചിട്ടുളള ഒബ്‌സര്‍വര്‍ കൃതൃമായ പരിശോധന നടത്തിവരികയാണ്. കൂടാതെ മെഡല്‍ കരസ്ഥമാക്കുന്ന കായിക താരങ്ങള്‍ക്ക് പാരിതോഷികം സര്‍ക്കാര്‍ അനുമതിയോടു കൂടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി എം.ആര്‍, രഞ്ജിത്ത്, വൈസ് പ്രസിഡന്‍റ് പി. വിഷ്ണു രാജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.