കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ വിജയപ്രതീക്ഷയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. തുടര്‍ച്ചയായ മൂന്നാം വിജയം തേടി മഞ്ഞപ്പട കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് നേരിടുന്നത്. രാത്രി 7.30നാണ് കിക്കോഫ്. ഒഡീഷക്കെതിരെ നേടിയ തകര്‍പ്പന്‍ ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് അഡ്രിയാന്‍ ലൂണയും സംഘവും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്വന്തം തട്ടകത്തില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ചതിനാൽ ബ്ലാസ്റ്റേഴ്‌സിന് 2022-23 സീസണിന് ശേഷം ആദ്യമായി കൊച്ചിയില്‍ തുടർച്ചയായി മൂന്ന് വിജയങ്ങൾ നേടാനുള്ള അവസരമാണിത്. നിലവിലെ സീസണിൽ ഹോം ഗ്രൗണ്ടിൽ കളിച്ച എട്ട് മത്സരങ്ങളിൽ നാലിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ജയിച്ചിരുന്നു.
16 മത്സരങ്ങളിൽ നിന്ന് ആറ് ജയവും രണ്ട് സമനിലയുമായി 20 പോയിന്‍റുമായി പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ മൂന്നില്‍ ജയിക്കുകയും രണ്ട് തവണ തോൽക്കുകയും ചെയ്തു. എന്നാല്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 16 മത്സരങ്ങളിൽ നിന്ന് 24 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ്. അവസാന അഞ്ച് മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുകയാണ് നോർത്ത് ഈസ്റ്റ്. രണ്ട് കളികളില്‍ ജയിച്ചപ്പോള്‍ മൂന്ന് തവണ സമനില നേടുകയായിരുന്നു.
ഇതുവരേ ഇരുടീമുകളും 21 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് എട്ട് മത്സരങ്ങൾ ജയിച്ചപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അഞ്ച് തവണ വിജയിച്ചു. എട്ട് മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയായിരുന്നു. മുന്‍ പരിശീലകനായിരുന്നു മൈക്കേല്‍ സ്റ്റാറേ പോയതിന് ശേഷം ഇടക്കാല പരിശീലകരായ ടി ജി പുരുഷോത്തമന്‍റേയും തോമസ് കോര്‍സിന്‍റേയും കീഴില്‍ ഭേദപ്പെട്ട പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുക്കുന്നത്.
പുതിയ വിദേശ താരം ദൂസാന്‍ ലഗാറ്റോര്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരെ കളിക്കാന്‍ സാധ്യതയുണ്ട്. അതേസമയം മധ്യനിര താരം അലക്‌സാന്ദ്രേ കൊയ്ഫുമായി ബ്ലാസ്റ്റേഴ്‌സ് വേര്‍പിരിഞ്ഞു.
'ടീം വർക്കിൽ ഞങ്ങൾ വിശ്വസിക്കുന്നു. വ്യത്യസ്ത സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്കറിയാം, നല്ല ഫലങ്ങൾ നിലനിർത്താൻ ശ്രമിക്കുമെന്ന് ടിജി പുരുഷോത്തമൻ പ്രീ-മാച്ച് പത്രസമ്മേളനത്തിൽ പറഞ്ഞു.