ഭുബനേശ്വര്‍:ഐഎസ്‌എല്‍ പ്ലേ ഓഫില്‍ ഒഡിഷ എഫ്‌സിയോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനല്‍ കാണാതെ പുറത്ത്. എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ 2-1നാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്. ആദ്യം ലീഡ് പിടിച്ച ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സ് മത്സരം കൈവിട്ടത്.
ഇത്തവണയും കലിപ്പടക്കാനായില്ല, കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്‌എല്ലില്‍ സെമി കാണാതെ പുറത്ത് - kerala blasters knocked out ISL - KERALA BLASTERS KNOCKED OUT ISL
ഐഎസ്‌എല്‍ പ്ലേ ഓഫില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തി ഒഡിഷ എഫ്‌സി.
Published : Apr 20, 2024, 7:38 AM IST
മത്സരത്തിന്‍റെ 67-ാം മിനിറ്റില്‍ ഫെഡോല്‍ സിര്‍നിച്ചിലൂടെ മുന്നിലെത്താൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിരുന്നു. 87-ാം മിനിറ്റ് വരെ ഈ ലീഡ് നിലനിര്‍ത്താനും അവര്‍ക്കായി. എന്നാല്‍, കളിയുടെ നിശ്ചിത സമയം അവസാനിക്കാൻ മൂന്ന് മിനിറ്റ് മാത്രം ബാക്കിയിരിക്കെ ഡിയാഗോ മൗറീഷ്യ ഒഡിഷയ്‌ക്ക് സമനില ഗോള്‍ നേടിക്കൊടുക്കുകയായിരുന്നു.
ഇതോടെയാണ് മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ടത്. എക്‌സ്ട്രാ ടൈമില്‍ മത്സരത്തിന്‍റെ 98-ാം മിനിറ്റില്‍ ഇസാക് വാന്‍ലാല്‍റൈട്ഫെലയിലൂടെയായിരുന്നു ഒഡിഷ ലീഡ് എടുത്തത്. ഈ ഗോളിന് മറുപടി പറയാൻ ബ്ലാസ്റ്റേഴ്‌സിനും സാധിക്കാതെ വരികയായിരുന്നു. ഇതോടെ, ഐഎസ്‌എല്‍ കിരീടമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ സ്വപ്‌നം വീണ്ടുമൊരിക്കല്‍ കൂടി തകര്‍ന്നുവീഴുകയായിരുന്നു.