മുംബൈ :രഞ്‌ജി ട്രോഫിയില്‍ കളിക്കാതിരുന്ന ശ്രേയസ് അയ്യര്‍ (Shreyas Iyer), ഇഷാന്‍ കിഷന്‍ (Ishan Kishan) എന്നിവര്‍ക്ക് ബിസിസിഐയുടെ വാര്‍ഷിക കരാര്‍ നഷ്‌ടപ്പെട്ടിരുന്നു. ഇതില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ നായകന്‍ കപില്‍ ദേവ് (Kapil Dev).
ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിക്കാർ ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കർശനമായ നടപടി സ്വീകരിച്ചതിന് ബിസിസിഐയെ അഭിനന്ദിക്കുന്നതായാണ് കപില്‍ ദേവ് പറയുന്നത്. ചില കളിക്കാര്‍ക്ക് ഇതില്‍ നിരാശയുണ്ടെങ്കിലും അതു ശരിയായ കാര്യമാണെന്നും 65-കാരന്‍ അഭിപ്രായപ്പെട്ടു.
"ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന് പ്രധാന്യം നല്‍കുന്ന ബോര്‍ഡ് നടപടിയില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. കളിക്കാര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്. അത് രാജ്യത്തിന് നല്ലതാണ്. രാജ്യത്തിന് നല്ലത് എന്താണെങ്കിലും അതിൽ എനിക്ക് സന്തോഷമുണ്ട്. ചില കളിക്കാര്‍ക്ക് പ്രയാസം തോന്നിയേക്കും. അതു അങ്ങനെയാകട്ടെ. കാരണം ആരും തന്നെ രാജ്യത്തേക്കാൾ വലിയവരല്ല.
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കളിക്കുന്നവര്‍ പിന്നീട് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതിരിക്കുന്നത് നിരാശപ്പെടുത്തിയ കാര്യമാണ്. ബിസിസിഐ അക്കാര്യത്തില്‍ ശക്തമായ മുന്നറിപ്പ് നല്‍കേണ്ടിയിരുന്നു. അവര്‍ അതു ചെയ്യുകയും ചെയ്‌തു. ബോര്‍ഡിന്‍റെ ഇപ്പോഴത്തെ നീക്കം ആഭ്യന്തര ക്രിക്കറ്റിന്‍റെ പ്രാധാന്യം വീണ്ടെക്കാന്‍ സഹായിക്കുന്നതാണ്.
ഇന്ത്യയ്‌ക്കായി കളിക്കുകയാണെങ്കില്‍ അവര്‍ തങ്ങളുടെ അഭ്യന്തര ടീമുകള്‍ക്ക് വേണ്ടി കൂടി കളിക്കാന്‍ തയ്യാറാവണം. വളര്‍ന്നുവരുന്നവര്‍ക്കുള്ള പിന്തുണ കൂടിയാണത്. കൂടാതെ, അന്താരാഷ്‌ട്ര തലത്തിലേക്ക് എത്തിച്ച അസോസിയേഷനുകളോട് കളിക്കാര്‍ തിരികെ ചെയ്യുന്ന മികച്ചൊരു സേവനം കൂടിയാണിത്" -കപില്‍ ദേവ് വ്യക്തമാക്കി.