കേരളം

kerala

ETV Bharat / sports

ആന്‍ഫീല്‍ഡില്‍ യുഗാന്ത്യം; പടിയിറങ്ങി യര്‍ഗൻ ക്ലോപ്പ് - Jurgen Klopp In Liverpool

ലിവര്‍പൂളിനൊപ്പം ഒരു പതിറ്റാണ്ടോളം കാലം നീണ്ടുനിന്ന യാത്ര അവസാനിപ്പിച്ച് യര്‍ഗൻ ക്ലോപ്പ്.

JURGEN KLOPP  LIVERPOOL UNDER JURGEN KLOPP  യര്‍ഗൻ ക്ലോപ്പ്  ലിവര്‍പൂള്‍
JURGEN KLOPP (Etv Bharat Network)

By ETV Bharat Kerala Team

Published : May 20, 2024, 2:51 PM IST

2015ലെ മെയ്‌മാസത്തില്‍ ജര്‍മനിയിലെ ബൊറൂസിയ ഡോര്‍ട്‌മുണ്ട് ആരാധകരുടെ മനസിലുണ്ടായ ഒരു വിങ്ങലുണ്ട്. അതിനേക്കാള്‍ പതിന്മടങ്ങ് ഇരട്ടിയിലുള്ള വേദനയാണ് ഇന്ന് ഒൻപത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം മറ്റൊരു മെയ് മാസത്തില്‍ യര്‍ഗൻ ക്ലോപ്പ് പടിയിറങ്ങുമ്പോള്‍ ലിവര്‍പൂളിന്‍റെ ആരാധകര്‍ അനുഭവിക്കുന്നത്. തിരിച്ചടികള്‍ മാത്രം നേരിട്ടുകൊണ്ടിരുന്ന ഒരു ക്ലബിനെ സ്ഥിരതയോടെ, ആധിപത്യത്തോടെ പന്തുതട്ടാൻ പഠിപ്പിച്ച 56-കാരൻ പരിശീലക വേഷം അഴിക്കുമ്പോള്‍ ആ ക്ലബിനെ അത്രമാത്രം നെഞ്ചേറ്റിയ ആരാധകര്‍ എങ്ങനെയാകും കരയാതിരിക്കുക...

ബ്രണ്ടൻ റോജേഴ്‌സ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയായിരുന്നു 2015 ഒക്‌ടോബര്‍ എട്ടിന് യര്‍ഗൻ ക്ലോപ്പ് ലിവര്‍പൂളിന്‍റെ മാനേജര്‍ സ്ഥാനം ഏറ്റെടുക്കുന്നത്. ലിവര്‍പൂള്‍ തിരിച്ചടികളില്‍ പതറിയിരുന്ന കാലമായിരുന്നു അത്. പരിശീലക സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ പാതിവഴിയില്‍ നിന്നും ചെമ്പടയെ ലീഗ് കപ്പിന്‍റെയും യൂറോപ്പ ലീഗിന്‍റെയും കലാശക്കളിവരെ എത്തിക്കാൻ ക്ലോപ്പിന് സാധിച്ചു. എന്നാല്‍, ലീഗ് കപ്പിന്‍റെ ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും യൂറോപ്പ ലീഗില്‍ സെവിയ്യയും ലിവര്‍പൂളിന്‍റെ കുതിപ്പിന് ഫുള്‍സ്റ്റോപ്പ് ഇട്ടു.

ആ തോല്‍വികളില്‍ തളരാൻ ഒരുക്കമായിരുന്നില്ല ലിവര്‍പൂള്‍ എന്ന ക്ലബും അവരുടെ പരിശീലകൻ യര്‍ഗൻ ക്ലോപ്പും. ക്ലോപ്പിന് കീഴില്‍ ലിവര്‍പൂള്‍ അതിവേഗം വളര്‍ന്നു. ടീമിനെ മൊത്തമായി അഴിച്ചുപണിതു. മികച്ച താരങ്ങള്‍ ടീമിലേക്ക് എത്തി.

ആക്രമണ ശൈലിയിലായിരുന്നു ഓരോ മത്സരത്തിനായും ക്ലോപ്പ് തന്‍റെ പതിനൊന്ന് പടയാളികളെ കളത്തില്‍ വിന്യസിച്ചത്. റൊബര്‍ട്ടോ ഫിര്‍മിനെയ്‌ക്കൊപ്പം സാദിയോ മാനെയും മുഹമ്മദ് സലയും അണിനിരന്നതോടെ ലിവര്‍പൂള്‍ ആക്രമണങ്ങള്‍ക്കും മൂര്‍ച്ച കൂടി. വിര്‍ജില്‍ വാൻ ഡെക്കിന്‍റെ വരവ് പ്രതിരോധനിരയുടെ കരുത്തും വര്‍ധിപ്പിച്ചു. ഫാബിഞ്ഞ്യോ, അലിസണ്‍ ബെക്കര്‍ എന്നിവരുള്‍പ്പടെയുള്ള പ്രമുഖരെയും അണിനിരത്തി താരസമ്പന്നമായ ലിവര്‍പൂളിനെയാണ് പിന്നീട് കളത്തില്‍ ക്ലോപ്പ് അവതരിപ്പിച്ചത്.

ALSO READ:പ്രീമിയര്‍ ലീഗില്‍ വീണ്ടും 'കപ്പടിച്ച്' മാഞ്ചസ്റ്റര്‍ സിറ്റി; അവസാന ദിവസം വരെ പൊരുതി വീണ് ആഴ്‌സണല്‍ - PL Champions Manchester City

താരസമ്പന്നമായെങ്കിലും ഫൈനലുകളില്‍ പരാജയപ്പെടുന്നതിന് കേട്ട വിമര്‍ശനങ്ങള്‍ ചെറുതായിരുന്നില്ല. എന്നാല്‍, കിരീടങ്ങള്‍ നേടിക്കൊണ്ട് തന്നെ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാൻ ക്ലോപ്പിന് സാധിച്ചു. ഒൻപത് വര്‍ഷം കൊണ്ട് എട്ട് കിരീടങ്ങള്‍ ആണ് ക്ലോപ്പ് ലിവര്‍പൂളിന് നേടിക്കൊടുത്തത്. യുവേഫ ചാമ്പ്യൻസ് ലീഗ്, പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ക്ക് പുറമെ യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് വേള്‍ഡ് കപ്പ്, എഫ്എ കപ്പ്, എഫ്‌എ കമ്മ്യൂണിറ്റി ഷീല്‍ഡ്, കാരബാവോ കപ്പ് എന്നീ കിരീടങ്ങളില്‍ ആയിരുന്നു ക്ലോപ്പിന്‍റെ കാലത്ത് ആൻഫീല്‍ഡിലേക്ക് എത്തിപ്പെട്ടത്.

ABOUT THE AUTHOR

...view details