പാരീസ് : ഫ്രഞ്ച് ക്ലബ് പാരീസ് സെന്‍റ് ജെർമെയ്നുമായുള്ള (പിഎസ്‌ജി PSG) ബന്ധം അവസാനിപ്പിച്ച അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ( Lionel Messi ) നിലവില്‍ അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്‍റര്‍ മയാമിയുടെ താരമാണ്. പിഎസ്‌ജിയിലുള്ള കാലയളവില്‍ ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീനയെ വിജയത്തിലേക്ക് നയിക്കാന്‍ മെസിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ക്ലബ്ബിനൊപ്പം കാര്യമായ നേട്ടമുണ്ടാക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല.
ഇതില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് പിഎസ്‌ജിയുടെ മുന്‍ വിംഗര്‍ ജെറോം റോതൻ (Jerome Rothen) പലകുറി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ മെസിയുടെ കാര്യത്തില്‍ പിഎസ്‌ജി ആരാധകര്‍ക്ക് കടുത്തൊരു നിര്‍ദേശം നല്‍കിയിരിക്കുകയാണ് ജെറോം റോതൻ. നടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സില്‍ (Paris Olympics 2024) അര്‍ജന്‍റൈന്‍ ടീമിനായി ലയണല്‍ മെസി കളിക്കാന്‍ എത്തുകയാണെങ്കില്‍ താരത്തെ നാണം കെടുത്തി വിടണമെന്നാണ് പിഎസ്‌ജി ആരാധകരോട് 45-കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഒപ്പമുണ്ടായിരുന്ന രണ്ട് സീസണുകളില്‍ 36-കാരനായ ലയണല്‍ മെസി പിഎസ്‌ജിയോട് കാണിച്ചത് തികഞ്ഞ അനാദരവാണെന്നാണ് ജെറോം റോതൻ ആരോപിക്കുന്നത്. പാരീസിൽ സെറ്റില്‍ ചെയ്‌ത് പ്രതിബദ്ധത കാണിക്കാതിരുന്ന മെസി നഗരത്തെയും രാജ്യത്തെയും വിമർശിക്കുകയും ചെയ്തുവെന്നും ജെറോം റോതൻ ആരോപിച്ചു.
"പിഎസ്‌ജിയ്‌ക്കായി മെസി കാര്യമായി ഒന്നും ചെയ്യാതിരുന്നത് നാം ഒരിക്കലും മറക്കരുത്. എന്നാല്‍ അര്‍ജന്‍റൈന്‍ ടീമിനായി മെസി എല്ലാം നല്‍കുന്നത് ഒരു ഫ്രഞ്ചുകാരനും പാരീസിയനുമായ ഞാനുള്‍പ്പടെ നമ്മള്‍ എല്ലാവര്‍ക്കും നോക്കി നില്‍ക്കേണ്ടിയും വന്നു. മെസി നമുക്കായി ഒന്നും തന്നെ ചെയ്‌തില്ല എന്ന് ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസമില്ലെങ്കില്‍, പാരീസില്‍ ഇനി കളിക്കാന്‍ ഇറങ്ങുകയാണെങ്കില്‍ അവനെ നമുക്ക് നാണം കെടുത്തേണ്ടതുണ്ട്"-ജെറോം റോതൻ പറഞ്ഞു.