ന്യൂയോര്‍ക്ക്: ഇന്ത്യൻ താരങ്ങള്‍ ഒരു ഘട്ടത്തില്‍ പോലും പാകിസ്ഥാനെതിരായ മത്സരത്തില്‍ സമ്മര്‍ദം നേരിട്ടിരുന്നില്ലെന്ന് പേസര്‍ ജസ്‌പ്രീത് ബുംറ. ആദ്യ ഇന്നിങ്‌സില്‍ തങ്ങളുടെ സ്കോറില്‍ നിരാശ ഉണ്ടായിരുന്നെങ്കിലും പരിഭ്രാന്തിയൊന്നുമില്ലാതെ കളിക്കുക എന്ന സന്ദേശമാണ് രണ്ടാം ഇന്നിങ്‌സിന് ഇറങ്ങുന്നതിന് മുന്‍പ് തങ്ങള്‍ക്ക് ലഭിച്ചതെന്നും മത്സര ശേഷം ജസ്പ്രീത് ബുംറ വ്യക്തമാക്കി. ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പാകിസ്ഥാനെതിരെ ആറ് റണ്‍സിന്‍റെ ജയമായിരുന്നു ടീം ഇന്ത്യ സ്വന്തമാക്കിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 119 റണ്‍സ് നേടി പുറത്താകുകയായിരുന്നു. ഒരു ഘട്ടത്തില്‍ 89-3 എന്ന നിലയില്‍ നിന്ന ടീമാണ് പിന്നീട് കൂട്ടത്തകര്‍ച്ച നേരിട്ട് 19 ഓവറില്‍ ഓള്‍ഔട്ടായത്. എന്നാല്‍, രണ്ടാം പകുതിയില്‍ ബൗളര്‍മാര്‍ തകര്‍പ്പൻ പ്രകടനം കാഴ്‌ചവച്ചതോടെ പാകിസ്ഥാനെ 113 റണ്‍സില്‍ ഒതുക്കാനും ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നു.
മത്സരത്തില്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായക പ്രകടനമായിരുന്നു സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ നടത്തിയത്. മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ താരം 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ബുംറയാണ്. ഇതിന് പിന്നാലെയായിരുന്നു താരത്തിന്‍റെ പ്രതികരണം.