ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തെയും ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ച സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ (Jasprit Bumrah) ധര്‍മശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റില്‍ കളിച്ചേക്കും. ജോലി ഭാരം ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി ആയിരുന്നു പരമ്പരയില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായ ബുംറയ്‌ക്ക് റാഞ്ചിയില്‍ വിശ്രമം അനുവദിച്ചത്.
ഇതിന് മുന്നെ കളിച്ച മൂന്ന് ടെസ്റ്റുകളില്‍ നിന്നും 17 വിക്കറ്റുകള്‍ വീഴ്‌ത്താന്‍ 30-കാരന് കഴിഞ്ഞിരുന്നു. ഒരു മത്സരം നഷ്‌ടമായെങ്കിലും പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ജസ്‌പ്രീത് ബുംറ രണ്ടാമതുണ്ട്. 20 വിക്കറ്റുകളുള്ള ഇംഗ്ലണ്ടിന്‍റെ ടോം ഹാര്‍ട്‌ലിയാണ് തലപ്പത്ത്.
മാര്‍ച്ച് ഏഴിനാണ് അഞ്ചാം (India vs England 5th Test ) ടെസ്റ്റിന് തുടക്കമാവുന്നത്. നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ 3-1ന് പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതോടെ പ്രധാന ബാറ്റര്‍മാരില്‍ ഒരാള്‍ക്ക് വിശ്രമം നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയ ശേഷം തുടര്‍ന്ന് കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഹൈദരാബാദില്‍ 28 റണ്‍സിന്‍റെ അപ്രതീക്ഷിത തോല്‍വിയായിരുന്നു ആതിഥേയര്‍ വഴങ്ങിയത്. എന്നാല്‍ വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ 106 റണ്‍സിന് വിജയം പിടിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു.