കീര്‍ത്തിപുര്‍ (നേപ്പാള്‍): അടി... അടിയോടടി... അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡ് വീണ്ടും തിരുത്തപ്പെട്ടു. നേപ്പാളിനെതിരായ മത്സരത്തില്‍ നമീബിയന്‍ താരം ജാന്‍ നികല്‍ ലോഫ്റ്റി ഈറ്റണ്‍ (Jan Nicol Loftie Eaton) ആണ് പുതിയ റെക്കോഡിട്ടിരിക്കുന്നത്. കീര്‍ത്തിപുരില്‍ നടന്ന മത്സരത്തില്‍ വെറും 33 പന്തുകളില്‍ സെഞ്ചുറിയടിച്ചാണ് ലോഫ്റ്റി ഈറ്റണ്‍ റെക്കോഡിട്ടിരിക്കുന്നത് (fastest T20I century).
11 ഫോറകളും എട്ട് സിക്‌സുകളുമാണ് 22-കാരന്‍റെ സെഞ്ചുറിക്ക് അകമ്പടിയായത്. 280.56 ആയിരുന്നു സ്‌ട്രൈക്ക്. മത്സരത്തില്‍ ആകെ 36 പന്തുകളില്‍ 101 റണ്‍സടിച്ചാണ് താരം തിരിച്ച് കയറിയത്. ടി20 ക്രിക്കറ്റില്‍ ലോഫ്റ്റി ഈറ്റന്‍ നേടുന്ന ആദ്യ സെഞ്ചുറിയാണിത്.
നേപ്പാളിന്‍റെ കുശാല്‍ മല്ലയുടെ പേരിലായിരുന്നു നേരത്തെ പ്രസ്‌തുത റെക്കോഡ് ഉണ്ടായിരുന്നത്. 2023-ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിൽ മംഗോളിയയ്‌ക്കെതിരെ 34 പന്തുകളിലായിരുന്നു കുശാൽ മല്ല (Kushal Malla) സെഞ്ചുറിയിലേക്ക് എത്തിയത്. രസകരമായ കാര്യമെന്തെന്നാല്‍ ജാന്‍ നികല്‍ ലോഫ്റ്റി ഈറ്റണ്‍ റെക്കോഡിടുന്നതിന് സാക്ഷിയായി നേപ്പാള്‍ നിരയില്‍ കുശാൽ മല്ലയും ഗ്രൗണ്ടിലുണ്ടായിരുന്നു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma), ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ (David Miller), ചെക്ക് റിപ്പബ്ലിക്കിന്‍റെ സുദേഷ് വിക്രമശേഖര (Sudesh Wickramasekara) എന്നിവര്‍ 35 പന്തുകളില്‍ നിന്നും സെഞ്ചുറി നേടിയിട്ടുണ്ട്. രോഹിത് ശ്രീലങ്കയ്‌ക്ക് എതിരെയും മില്ലര്‍ ബംഗ്ലാദേശിനെതിരെയും സുദേഷ് വിക്രമശേഖര തുര്‍ക്കിക്കെതിരെയുമായിരുന്നു കത്തിക്കയറിയത്.