ലണ്ടൻ: ഇംഗ്ലണ്ടിന്‍റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറയാൻ ഒരുങ്ങുന്നു. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലെ സ്ഥിരസാന്നിധ്യമായ ആൻഡേഴ്‌സണ്‍ വരുന്ന ഹോം സീസണോടെ കളി മതിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. 2002ല്‍ ഇംഗ്ലീഷ് പടയ്‌ക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയ താരത്തിന് നിലവില്‍ 41 വയസാണ്.
2025-26ലെ ആഷസ് പരമ്പര മുന്നില്‍ക്കണ്ട് പേസര്‍മാരായി പുതിയ താരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ഇംഗ്ലണ്ട്. ഈ സാഹചര്യത്തില്‍ പരിശീലകൻ ബ്രെണ്ടൻ മെക്കല്ലം വെറ്ററൻ താരവുമായി ചര്‍ച്ച നടത്തിയതായാണ് സൂചന.
ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കെതിരെ ഈ വര്‍ഷം നാട്ടില്‍ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരകള്‍ കളിക്കുന്നുണ്ട്. ഈ പരമ്പരകളില്‍ ഏതെങ്കിലും ഒന്നായിരിക്കും ആന്‍ഡേഴ്‌സണിന്‍റെ വിരമിക്കല്‍ മത്സരം. ഈ മത്സരം താരത്തിന്‍റെ ജന്മനാടായ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടത്താനും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പദ്ധതിയിടുന്നുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളില്‍ മൂന്നാം സ്ഥാനക്കാരനാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍. 700 വിക്കറ്റാണ് താരം തന്‍റെ കരിയറില്‍ നേടിയത്. ടെസ്റ്റില്‍ 700 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ആദ്യ പേസ് ബൗളറും ആൻഡേഴ്‌സണ്‍ ആണ്.
ഈ വര്‍ഷം ആദ്യം നടന്ന ഇംഗ്ലണ്ടിന്‍റെ ഇന്ത്യൻ പര്യടനത്തിനിടെയായിരുന്നു ആൻഡേഴ്‌സണ്‍ ഈ നേട്ടത്തിലേക്ക് എത്തിയത്. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ, ഓസ്‌ട്രേലിയൻ താരം ഷെയ്‌ൻ വോണ്‍ എന്നിവരാണ് പട്ടികയില്‍ ആൻഡേഴ്‌സണിന് മുന്നിലുള്ളത്.
2002ല്‍ ചിരവൈരികളായ ഓസ്‌ട്രേലിയക്കെതിരെ ഏകദിന മത്സരം കളിച്ചുകൊണ്ടാണ് ആൻഡേഴ്‌സണ്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. 13 വര്‍ഷം നീണ്ട ഏകദിന കരിയറില്‍ 194 മത്സരങ്ങളില്‍ നിന്നും 269 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ഏകദിന അരങ്ങേറ്റം കഴിഞ്ഞ് അഞ്ച് മാസത്തിനുള്ളില്‍ തന്നെ താരത്തിന് ടെസ്റ്റ് ടീമിലേക്കും വിളിയെത്തി.
2003 സിംബാബ്‌വെയ്‌ക്കെതിരെ ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തിലായിരുന്നു താരത്തിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. ടെസ്റ്റില്‍ 187 മത്സരങ്ങളിലാണ് താരം ഇംഗ്ലണ്ടിനായി കളിക്കാനിറങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിൻ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരവും ആൻഡേഴ്‌സണ്‍ ആണ്.
ടി20യില്‍ 2007ല്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു താരത്തിന്‍റെ അരങ്ങേറ്റം. ടെസ്റ്റിലെയും ഏകദിനത്തിലേയും പോലെ ഒരുപാട് നാള്‍ ഇംഗ്ലണ്ടിനായി താരം ടി20 കളിച്ചില്ല. 2009ല്‍ അവസാനിച്ച ടി20 കരിയറില്‍ 19 കളിയില്‍ നിന്നും 18 വിക്കറ്റാണ് ആൻഡേഴ്‌സണ്‍ സ്വന്തമാക്കിയത്.
Also Read :ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞേക്കും; പുതിയ പരിശീലകനെ തേടി ബിസിസിഐ - Rahul Dravid India Head Coach