മാലിന്യമെന്ന് കരുതി അടുക്കളയിൽ നിന്ന് പലതും ചവറ്റു കൊട്ടയിൽ ഇടുന്നവരാണ് നമ്മൾ. അത്തരത്തിൽ ഒന്നാണ് പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലികൾ. എന്നാൽ ഇതിന്‍റെയൊക്കെ ആരോഗ്യ ഗുണത്തെ കുറിച്ചറിഞ്ഞാൽ നമ്മൾ മൂക്കത്ത് കൈവച്ചു പോകും. ഭക്ഷണമാലിന്യമായി പുറത്തേക്ക് വലിച്ചെറിയുന്ന പഴത്തൊലിയ്ക്ക് പഴയതിനേക്കാൾ കൂടുതൽ പോഷക ഗുണങ്ങൾ ഉണ്ടെന്നാണ് ഈ അടുത്തിടെ നടത്തിയ ചില പഠനങ്ങളിൽ പറയുന്നത്. ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താൻ വളരെയധികം സഹായിക്കുന്നവയാണ് ഇവ. അത്തരത്തിൽ ഉപയോഗ സൂന്യമെന്ന് കരുതി വലിച്ചെറിയുന്ന ചില വസ്‌തുക്കളും അവയുടെ ഗുണങ്ങളെയും കുറിച്ച് അറിയാം.
പഴത്തൊലി
നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് വാഴപ്പഴം. പൊട്ടാസ്യത്തിൻ്റെ കലവറ കൂടിയാണിത്. എന്നാൽ പഴം മാത്രമല്ല പഴത്തൊലിയിലും നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ചർമ്മ പരിചരണത്തിന് ഉത്തമമായ ഒന്നാണിത്. അതിനായി പഴത്തൊലി കൊണ്ട് മുഖത്ത് മൃദുവായി മസാജ് ചെയ്‌ത് 15 മിനിറ്റ് കഴിഞ്ഞ് ഇളം ചൂട് വെള്ളത്തിൽ കഴുകി കളയുക. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും ചർമ്മത്തിന്‍റെ സ്വാഭാവികം തിളക്കം വീണ്ടെടുക്കാനും ഇത് ഫലം ചെയ്യും.
കഞ്ഞിവെള്ളം
വിറ്റാമിൻ സി, വിറ്റാമിൻ ബി എന്നിവയുടെ നല്ലൊരു ഉറവിടമാണ് കഞ്ഞിവെള്ളം. പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, സെലനീയം എന്നിവയും കഞ്ഞിവെള്ളത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ക്ഷീണം അകറ്റാൻ ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണെന്ന് നമുക്കറിയാം. ഇതിനു പുറമെ നിരവധി ആരോഗ്യ ഗുണഗങ്ങളും കഞ്ഞിവെള്ളത്തിനുണ്ട്. സൂര്യ രശ്‌മികൾ ഏൽക്കുന്നത് വഴി തൊലിപ്പുറത്തുണ്ടാകുന്ന അസ്വസ്ഥതകൾ പരിഹരിക്കാൻ കഞ്ഞിവെള്ളം സഹായിക്കും. ചർമ്മത്തിന്‍റെയും മുടിയുടെയും ആരോഗ്യത്തിന് ഇത് വളരെയധികം ഉപകാരപ്രദമാണ്. അതിനായി രണ്ട് ദിവസം പുളിപ്പിച്ച കഞ്ഞിവെള്ളത്തിൽ മുടിയും മുഖവും കഴുകാം.
ഉരുളക്കിഴങ്ങ് തൊലി
ആരോഗ്യത്തിന് മാത്രമല്ല ചർമ്മ പരിചരണത്തിനും ബെസ്റ്റാണ് ഉരുളക്കിഴങ്ങ്. ഫ്ലേവനോയിഡുകൾ, ഫീനോൾ, ഗ്ലൈക്കോ ആൽക്കലോയിഡ്‌സ് തുടങ്ങിയ ധാതുക്കൾ ഉരുളക്കിഴങ്ങിന്‍റെ തൊലിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ചർമ്മത്തിന്‍റെ നിറം വർധിപ്പിക്കാനും തിളക്കം നിലനിർത്താനും ഇത് ഉത്തമമാണ്. അതിനായി ഉരുളക്കിഴങ്ങ് തൊലി അരച്ചെടുത്ത് ചർമ്മത്തിൽ പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.
വെള്ളരിയുടെ തൊലി
വെള്ളരിയുടെ തൊലിയിൽ മഗ്നീഷ്യം, പൊട്ടാസ്യം, സിലിക്ക എന്നീ ധാതുക്കൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും. മുഖത്തെ ചുളിവുകൾ, വീക്കം, ചുവന്നതോ കറുത്തതോ ആയ പാടുകൾ എന്നിവ അകറ്റാൻ ഇത് ഗുണകരമാണ്. അതിനായി വെള്ളരിയുടെ തൊലി അരച്ചെടുത്ത് മുഖത്ത് പുരട്ടാം.
ഓറഞ്ച് തൊലി
ഓറഞ്ചിലേത് പോലെ തന്നെ ഓറഞ്ച് തൊലിയിലും വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൽ അടിഞ്ഞ് കൂടിയിട്ടുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാനും സ്വാഭാവിക തിളക്കം നൽകാനും സഹായിക്കും. ബാക്‌ടീരിയകളെ ചെറുക്കാനുള്ള കഴിവും ഇതിനുണ്ട്. അതിനാൽ മുഖക്കുരു വരുന്നത് തടയാനും ഇത് ഫലപ്രദമാണ്. ചര്‍മ്മത്തിലെ കറുത്ത പാടുകള്‍, പിഗ്മന്‍റേഷന്‍, ബ്ലാക്‌ഹെഡ്‌സ്, തുടങ്ങിയവ പരിഹരിക്കാനും ഓറഞ്ച് തൊലി ബെസ്‌റ്റാണ്. അതിനായി ഒരു ടേബിൾ സ്‌പൂണ്‍ ഓറഞ്ച് പൊടിയും ഒരു സ്‌പൂണ്‍ മുള്‍ട്ടാനിമിട്ടിയും അൽപ്പം റോസ് വാട്ടറും ചേര്‍ത്ത് മിക്‌സാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മിനിട്ടിന് ശേഷം കഴുകി കളയുക.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.