ധാക്ക: ബംഗ്ലാദേശില്‍ മൂന്ന് ഹിന്ദു ക്ഷേത്രങ്ങളിലെ പത്തോളം വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ട്. മൈമെൻസിങ്, ദിനാജ്‌പൂർ എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് ആക്രമണ പരമ്പര അരങ്ങേറിയതെന്നാണ് വിവരം. സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ടെന്ന് ബംഗ്ലാദേശിലെ ഇംഗ്ലീഷ് മാധ്യമം ഡെയിലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്‌തു.
മൈമൻസിങ്ങിലെ ഹലുഘട്ടില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെയോടെയാണ് രണ്ട് ക്ഷേത്രങ്ങളിലെ മൂന്ന് വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ടത്. ഇതില്‍ നശിപ്പിക്കപ്പെട്ട രണ്ട് വിഗ്രഹങ്ങളും ബോണ്ടർപാര ക്ഷേത്രത്തിലേതാണെന്ന് ഹലുഘട്ട് പൊലീസ് സ്റ്റേഷൻ ഇൻചാര്‍ജ് ഓഫിസര്‍ അറിയിച്ചു. ഈ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെന്നും ആരെയും പിടികൂടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹലുഘട്ടിലെ തന്നെ ബീല്‍ഡോറ യൂണിയനിലെ പോളഷ്‌കണ്ഡ കാളി ക്ഷേത്രത്തിലാണ് മറ്റൊരു ആക്രമണമുണ്ടായത്. ഈ സംഭവത്തില്‍ ഇതേ ഗ്രാമവാസിയായ 27കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ചൊവ്വാഴ്‌ച (ഡിസംബര്‍ 17) ദിനാജ്‌പൂരിലെ ബിർഗഞ്ച് ഉപജില്ലയിൽ ജർബാരി ഷാഷൻ കാളി ക്ഷേത്രത്തിൽ അഞ്ച് വിഗ്രഹങ്ങളാണ് നശിപ്പിക്കപ്പെട്ടത്. വ്യാഴാഴ്‌ചയോടെയാണ് ഇതേക്കുറിച്ചുള്ള വിവരങ്ങളും പുറത്തറിയുന്നത്.
വടക്കൻ ബംഗ്ലാദേശിലെ സുനംഗഞ്ച് ജില്ലയില്‍ ഹിന്ദു ക്ഷേത്രത്തിനെതിരെയും പ്രദേശത്തുള്ളവരുടെ വീടുകള്‍ക്കും കടകള്‍ക്കും നേരെയും ആക്രമണം നടത്തിയ നാല് പേരെ നിയമ നിര്‍വഹണ ഏജൻസികള്‍ അറസ്റ്റ് ചെയ്‌തിരുന്നു. നവംബര്‍ 29ന് ബംഗ്ലാദേശിലെ ചാറ്റോഗ്രാമില്‍ മൂന്ന് ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരെയാണ് ആക്രമണമുണ്ടായത്.
മുദ്രാവാക്യം വിളികളോടെയായിരുന്നു അന്ന് അക്രമിസംഘം ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്. ഈ സംഭവത്തില്‍ മുൻ ഇസ്‌കോണ്‍ അംഗത്തിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തത് രാജ്യത്ത് വൻ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കി.