ന്യൂയോര്‍ക്ക്:ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ചിരവൈരികളായ പാകിസ്ഥാനെതിരെ ഇറങ്ങുകയാണ്. ഇന്ത്യന്‍ സമയം രാത്രി എട്ടുമണിക്ക് ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് കളി നടക്കുക. അയല്‍ക്കാര്‍ തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ വിജയം ആര്‍ക്കൊപ്പമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇപ്പോഴിതാ മത്സരത്തില്‍ ടോസ് ഏറെ നിര്‍ണാകയകമാവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. "ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ നാസോയിലെ പിച്ച് നിർണായക സ്വാധീനം ചെലുത്തുമെന്ന വസ്‌തുത ഞാൻ പ്രത്യേകം ഊന്നിപ്പറയാൻ ആഗ്രഹിക്കുന്നു. ടോസ് നേടുകയോ തോൽക്കുകയോ ചെയ്യുന്നതും നിര്‍ണായകമാണ്. പിച്ചില്‍ അപ്രതീക്ഷിത ബൗൺസ് ഉണ്ടായേക്കാം.
ടീമുകൾക്ക് അത് നേരിടേണ്ടതുണ്ട്. ആ അപ്രതീക്ഷിത പന്ത് വിക്കറ്റും വീഴ്‌ത്തിയേക്കാം. ഇത് ആർക്കും സംഭവിക്കാം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം നടക്കേണ്ടത് നല്ല പിച്ചിലാണ്. ശക്തമായ ടീം വിജയിക്കുകയും ചെയ്യും. ഇന്ത്യ കരുത്തുറ്റ ടീമാണ്" -ഇർഫാൻ പഠാന്‍ പറഞ്ഞു.
നാസോയിലെ പിച്ച് ഇതിനകം തന്നെ സംസാരവിഷയമാണ്. ബോളര്‍മാര്‍ക്ക് പിന്തുണ നല്‍കുന്ന പിച്ചില്‍ ബാറ്റര്‍മാര്‍ റണ്‍സ് നേടാന്‍ പ്രയാസപ്പെടുന്നതാണ് കാണാന്‍ കഴിയുന്നത്. ഇതുവരെ നാസോയില്‍ നടന്ന നാല് മത്സരങ്ങളിലും 140ന് മുകളില്‍ സ്കോര്‍ പിറന്നിട്ടില്ല. ആദ്യ രണ്ട് മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്‌ത ടീം മൂന്നക്കം കടക്കാതെയാണ് പുറത്തായത്.