കേരളം

kerala

ETV Bharat / sports

'അവനും ഓഫ്‌ സൈഡിലെ രാജാവ്‌'; യശസ്വിയെ ഗാംഗുലിയോട് ഉപമിച്ച് ഇര്‍ഫാന്‍ പഠാന്‍ - യശസ്വി ജയ്‌സ്വാള്‍

ക്രിക്കറ്റില്‍ ഇന്ത്യയുടെ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിയ്‌ക്ക് സമാനമായി വിജയം നേടാന്‍ കഴിയുന്ന ഇടങ്കയ്യന്‍ ബാറ്ററാണ് യശസ്വി ജയ്‌സ്വാളെന്ന് ഇര്‍ഫാന്‍ പഠാന്‍.

Irfan Pathan  Yashasvi Jaiswal  Sourav Ganguly  യശസ്വി ജയ്‌സ്വാള്‍  ഇര്‍ഫാന്‍ പഠാന്‍
Irfan Pathan likens Yashasvi Jaiswal to Sourav Ganguly

By ETV Bharat Kerala Team

Published : Feb 13, 2024, 3:31 PM IST

മുംബൈ:ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി വാഗ്‌ദാനമാണ് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal). നിലവില്‍ ഇംഗ്ലണ്ടിനെതിരെ പുരോഗമിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനമാണ് 22-കാരന്‍ നടത്തുന്നത്. ഹൈദരാബാദിലെ ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറി നേടിയ യശസ്വി വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്‌റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറി അടിച്ചാണ് തിളങ്ങിയത്.

ഇപ്പോഴിതാ യശസ്വിയെ ഇന്ത്യയുടെ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിയോട് (Sourav Ganguly) ഉപമിച്ചിരിക്കുകയാണ് മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍ (Irfan Pathan). ഗാംഗുലിയെപ്പോലെ ഓഫ്‌ സൈഡിലേക്ക് ഏറെ മികവോടെ കളിക്കുന്ന യശസ്വിയുടെ കഴിവിനെയാണ് ഇര്‍ഫാന്‍ പുകഴ്‌ത്തിയിരിക്കുന്നത്. ക്രിക്കറ്റില്‍ ഗാംഗുലിക്ക് സമാനമായ വിജയം നേടാന്‍ യുവ ഇടങ്കയ്യന്‍ ബാറ്റര്‍ക്ക് കഴിയുമെന്നും ഇര്‍ഫാന്‍ പഞ്ഞു.

"ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഞാൻ ഏറെ ശ്രദ്ധിക്കുന്ന ഒരു കളിക്കാരനുണ്ട്. അതു യശസ്വി ജയ്‌സ്വാളാണ്. ഏറെ മികച്ച താരമാണവന്‍. നടക്കാനിരിക്കുന്ന ഐപിഎല്ലിൽ അവന്‍ എങ്ങനെ കളിക്കുമെന്ന് കണ്ടറിയണം.

ദാദയെപ്പോലെ ഏറെ മികവോടെയാണ് അവന്‍ ഓഫ് സൈഡിലേക്ക് കളിക്കുന്നത്. ദാദയെക്കുറിച്ച് നമ്മള്‍ പറഞ്ഞത് പോലെ, ഓഫ്‌ സൈഡിലെ രാജാവാണവന്‍. അടുത്ത 10 വർഷത്തേക്ക് അവൻ കളിക്കാൻ പോകുകയാണെങ്കിൽ, നമ്മള്‍ ദാദയെക്കുറിച്ച് സംസാരിച്ചത് പോലെ തന്നെ അവനെക്കുറിച്ചും സംസാരിക്കും. യശസ്വി അത്രയ്‌ക്ക് കളിമികവുള്ള താരമാണ്"- ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

അതേസമയം വിശാഖപട്ടണം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ആക്രമണവും പ്രതിരോധവും ഫലപ്രദമായി ചാലിച്ച് 290 പന്തുകളില്‍ 209 റണ്‍സായിരുന്നു യശസ്വി ജയ്‌സ്വാള്‍ നേടിയത്. 19 ബൗണ്ടറികളും ഏഴ്‌ സിക്‌സറുകളുമാണ് യശസ്വിയുടെ കരിയറിലെ ആദ്യ ടെസ്റ്റ് ഡബിള്‍ സെഞ്ചുറിക്ക് അകമ്പടിയായി. ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടിയ പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് യശസ്വി (Youngest to score 200 for India in Tests).

ഇംഗ്ലണ്ടിനെതിരെ ഡബിള്‍ സെഞ്ചുറി അടിക്കുമ്പോള്‍ 22 വയസും 37 ദിവസവുമായിരുന്നു യശസ്വിയുടെ പ്രായം. വിനോദ് കാംബ്ലി (21 വയസും 32 ദിവസവും), സുനില്‍ ഗവാസ്‌കര്‍ (21 വയസും 277 ദിവസവും) എന്നിവരാണ് പട്ടികയില്‍ യശസ്വിയ്‌ക്ക് മുന്നിലുള്ളത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഡബിള്‍ നേടുന്ന ഇന്ത്യയുടെ നാലാമത്തെ മാത്രം ഇടങ്കയ്യന്‍ ബാറ്റര്‍ കൂടിയാണ് യശസ്വി. വിനോദ് കാംബ്ലി, സൗരവ് ഗാംഗുലി, ഗൗതം ഗംഭീര്‍ എന്നിവരാണ് ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയുള്ള മറ്റ് ഇടങ്കയ്യന്മാര്‍.

തന്‍റെ മികച്ച പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഓപ്പണറുടെ സ്ഥാനം ഉറപ്പിക്കാന്‍ യശസ്വിയ്‌ക്ക് ഇതിനകം തന്നെ കഴിഞ്ഞിട്ടുണ്ട്. യശസ്വിയുടെ വരവോട് ടോപ് ഓര്‍ഡറില്‍ ഏറെ കാത്തിരുന്ന ഇടങ്കയ്യന്‍- വലങ്കയ്യന്‍ കോമ്പിനേഷനും ഇന്ത്യയ്‌ക്ക് ലഭിച്ചു. ഇതേവരെ കളിച്ച 11 ഇന്നിങ്‌സുകളിലായി 57.90 ശരാശരിയിലും 63.57 സ്‌ട്രൈക്ക് റേറ്റിലും 637 റൺസാണ് യശസ്വി നേടിയിട്ടുള്ളത്.

ALSO READ:'സൂക്ഷിച്ചോ,അവന്‍ തലവേദനയാവും' ; ഇന്ത്യന്‍ യുവതാരത്തെക്കുറിച്ച് ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി മുന്‍ നായകന്‍

ABOUT THE AUTHOR

...view details