കേരളം

kerala

ETV Bharat / sports

പേപ്പറിലെ കരുത്തര്‍, ഗ്രൗണ്ടില്‍ വട്ടപ്പൂജ്യം; ഹാര്‍ദിക് പാണ്ഡ്യയേയും കൂട്ടരെയും പൊരിച്ച് ഇര്‍ഫാൻ പത്താൻ - Irfan Pathan On Hardik Captaincy - IRFAN PATHAN ON HARDIK CAPTAINCY

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 24 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്‌റ്റൻസിയേയും മുംബൈ ഇന്ത്യൻസിന്‍റെ പ്രകടനങ്ങളെയും വിമര്‍ശിച്ച് ഇര്‍ഫാൻ പത്താൻ.

ഹാര്‍ദിക് പാണ്ഡ്യ  മുംബൈ ഇന്ത്യൻസ്  MI VS KKR  IPL 2024
Mumbai Indians (IANS)

By ETV Bharat Kerala Team

Published : May 4, 2024, 8:44 AM IST

മുംബൈ :ഐപിഎല്‍ പതിനേഴാം പതിപ്പില്‍ മുംബൈ ഇന്ത്യൻസിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചതിന് പിന്നാലെ ക്യാപ്‌റ്റൻ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യൻ മുൻ താരം ഇര്‍ഫാൻ പത്താൻ. ഒത്തൊരുമയോടെയല്ല ഈ വര്‍ഷം ഐപിഎല്‍ മത്സരങ്ങള്‍ക്കായി മുംബൈ ഇന്ത്യൻസ് കളത്തിലിറങ്ങിയതെന്നും പത്താൻ പറഞ്ഞു. വാങ്കഡെ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 24 റണ്‍സിന്‍റെ തോല്‍വിയാണ് വഴങ്ങിയത്.

'2024ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിന്‍റെ കഥ കഴിഞ്ഞിരിക്കുകയാണ്. അവര്‍ പേപ്പറില്‍ കരുത്തരായിരുന്നു. എന്നാല്‍, ആ കരുത്ത് കളത്തില്‍ കാണിക്കാൻ അവര്‍ക്കായില്ല.

ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്‌റ്റൻസിക്കെതിരെ ഉയരുന്ന ചോദ്യങ്ങളെല്ലാം തന്നെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ഒരുഘട്ടത്തില്‍ 57-5 എന്ന നിലയിലായിരുന്നു അവരുണ്ടായിരുന്നത്. ഈ സമയം ആറാം ബൗളറായ നമാൻ ധിറിനെ കൊണ്ട് അനാവശ്യമായി മൂന്ന് ഓവറുകള്‍ ബോള്‍ ചെയ്യിപ്പിച്ചു.

ആ സാഹചര്യം മുതലെടുത്താണ് വെങ്കടേഷ് അയ്യറും മനീഷ് പാണ്ഡെയും ചേര്‍ന്ന് കെകെആറിനായി നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കിയത്. അവരുടെ 83 റണ്‍സ് പാര്‍ട്‌ണര്‍ഷിപ്പാണ് കൊല്‍ക്കത്തയെ 170ലേക്ക് എത്തിച്ചത്. 150 റണ്‍സില്‍ കൊല്‍ക്കത്തയെ ഒതുക്കാൻ കഴിയുന്ന അവസരമുണ്ടായിട്ടും മുംബൈയ്‌ക്ക് അതിന് സാധിക്കാതെ പോയതാണ് മത്സരത്തിലെ ടേണിങ് പോയിന്‍റ്‌'- ഇര്‍ഫാൻ പത്താൻ പറഞ്ഞു.

ക്രിക്കറ്റില്‍ ഒരു ക്യാപ്‌റ്റന്‍റെ മൂല്യം വലുതാണെന്നും എന്നാല്‍, മുംബൈയുടെ കാര്യത്തില്‍ ക്യാപ്‌റ്റൻസിയിലെ മാറ്റം താരങ്ങള്‍ക്ക് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പത്താൻ അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ഐപിഎല്ലില്‍ ഒത്തൊരുമയോടെ മുംബൈയ്‌ക്ക് കളിക്കാൻ സാധിച്ചില്ലെന്നും ടീമിന് ഉള്ളില്‍ പോലും വിവിധ ഗ്രൂപ്പുകള്‍ ഉണ്ടെന്നതിന്‍റെ സൂചനയാണ് ഇതെന്നും പത്താൻ കൂട്ടിച്ചേര്‍ത്തു. മുംബൈ ഇന്ത്യൻസിനെ കുറിച്ച് നേരത്തെ ഇതേ അഭിപ്രായം ഓസ്‌ട്രേലിയൻ മുൻതാരം മൈക്കിള്‍ ക്ലാര്‍ക്കും പറഞ്ഞിരുന്നു.

'ക്യാപ്‌റ്റന്‍റെയും ടീം മാനേജ്‌മെന്‍റിന്‍റെയും ഇടപെടലുകള്‍ ക്രിക്കറ്റില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. മുംബൈയുടെ കാര്യത്തില്‍ ഇത്തവണ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം കൂടിയാണ് ഇത്. ഒത്തൊരുമയോടെ അവര്‍ക്ക് കളിക്കാൻ സാധിക്കുന്നില്ല എന്നതാണ് വസ്‌തുത. തങ്ങളുടെ ക്യാപ്‌റ്റനെ ഓരോ താരങ്ങളും അംഗീകരിക്കേണ്ടത് ഏറെ പ്രധാനമായ ഒന്നാണ്. എന്നാല്‍, മുംബൈയുടെ കാര്യത്തില്‍ ഇത് ഉണ്ടായിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്'- ഇര്‍ഫാൻ പത്താൻ കൂട്ടിച്ചേര്‍ത്തു.

Also Read :'വിക്കറ്റുകള്‍ വീണപ്പോള്‍ കൂട്ടുകെട്ടുകളുണ്ടാക്കാനായില്ല'; കൊല്‍ക്കത്തയോടേറ്റ തോല്‍വിയുടെ കാരണം പറഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ - Hardik Pandya On MI Loss

ABOUT THE AUTHOR

...view details