ഹൈദരാബാദ്:ഐപിഎല്‍ പതിനേഴാം പതിപ്പില്‍ (IPL 2024) കളിച്ച രണ്ട് മത്സരവും പരാജയപ്പെട്ടിരിക്കുകയാണ് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് (Mumbai Indians). സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസിനോട് ആറ് റണ്‍സിനായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെയും (Hardik Pandya) സംഘത്തിന്റെയും തോല്‍വി. രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ (SunRisers Hyderabad) ഹൈ സ്കോറിങ് ത്രില്ലറില്‍ 31 റണ്‍സിനുമായിരുന്നു മുംബൈ ഇന്ത്യൻസ് തോല്‍വി വഴങ്ങിയത് (SRH vs MI Result).
ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 277 എന്ന കൂറ്റൻ സ്കോറായിരുന്നു അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ മുംബൈയുടെ പോരാട്ടം 246 റണ്‍സില്‍ അവസാനിച്ചു. മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ഇടയ്ക്ക് റണ്‍സ് കണ്ടെത്തുന്നതില്‍ വേഗത കുറഞ്ഞതാണ് മത്സരത്തില്‍ മുംബൈയ്ക്ക് തിരിച്ചടിയായത്.
രോഹിത് ശര്‍മ (26), ഇഷാൻ കിഷൻ (34) സഖ്യം വെടിക്കെട്ട് തുടക്കമാണ് റണ്‍ചേസില്‍ മുംബൈയ്ക്ക് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ 3.2 ഓവറില്‍ ഇരുവരും ചേര്‍ന്ന് 51 റണ്‍സ് അടിച്ചെടുത്തു. പിന്നീട് എത്തിയ നമാൻ ദിറും (30) തിലക് വര്‍മയും (64) തകര്‍ത്ത് അടിച്ചതോടെ മുംബൈ ജയം സ്വന്തമാക്കുമെന്ന് ആരാധകര്‍ പോലും കരുതി.