ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL 2024) ഇന്ന് മുംബൈ ഇന്ത്യന്‍സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോര് (Sunrisers Hyderabad vs Mumbai Indians). രാത്രി ഏഴരയ്‌ക്ക് ഹൈദരാബാദിന്‍റെ തട്ടകത്തില്‍ വച്ചാണ് കളി ആരംഭിക്കുക. 17-ാം സീസണിലെ ആദ്യ വിജയം തേടിയാണ് ഇരു ടീമുകളും കളത്തിലേക്ക് എത്തുന്നത്.
ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) നേതൃത്വം നല്‍കുന്ന മുംബൈ ഇന്ത്യന്‍സ് സീസണ്‍ ഓപ്പണറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടായിരുന്നു തോല്‍വി വഴങ്ങിയത്. മുംബൈ നായകനായുള്ള ഹാര്‍ദിക്കിന്‍റെ അരങ്ങേറ്റ മത്സരമായിരുന്നുവിത്. കളിക്കളത്തില്‍ ഹാര്‍ദിക്കിന്‍റെ പലതീരുമാനങ്ങള്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ടീം മാനേജ്‌മെന്‍റിന്‍റെ ഉറച്ച പിന്തുണ താരത്തിനുണ്ട്.
രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഒരു വിഭാഗം ആരാധകര്‍ ഹാര്‍ദിക്കിന് എതിരെയാണ്. കൂടാതെ ടീമിലെ സ്വരച്ചേര്‍ച്ച ഇല്ലായ്‌മയും ഗുജറാത്തിനെതിരായ മത്സരത്തില്‍ ഏറെ പ്രകടമാവുകയും ചെയ്‌തിരുന്നു. ഇതു പരിഹരിച്ച് ആദ്യം ജയം നേടി ആരാധക രോഷം തണുപ്പിക്കുകയെന്നത് ഹാര്‍ദിക്കിന് മുന്നിലുള്ള വലിയൊരു വെല്ലുവിളിയാണ്. ബാറ്റിങ്ങ് നിര പരാജയപ്പെട്ടതായിരുന്നു ഗുജറാത്തിനെതിരെ മുംബൈക്ക് തിരിച്ചടിയായത്.
മുന്‍ നായകന്‍ രോഹിത് ശര്‍മയും (Rohit Sharma), ഡെവാള്‍ ബ്രെവിസും ഒഴികെയുള്ള താരങ്ങള്‍ നിറം മങ്ങി. ജസ്പ്രീത് ബുംറ നയിക്കുന്ന ബോളിങ് യൂണിറ്റ് മിന്നും പ്രകടനം നടത്തുന്ന സാഹചര്യത്തില്‍ ബാറ്റിങ് യൂണിറ്റിലെ മറ്റ് താരങ്ങള്‍ കൂടി മികവ് പുലര്‍ത്തിയാല്‍ മുംബൈക്ക് പേടിക്കാനില്ല.
മറുവശത്ത് പുതിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്‍റെ (Pat Cummins) നേതൃത്വത്തിലിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടായിരുന്നു തോല്‍വി വഴങ്ങിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ റണ്‍മല പിന്തുടര്‍ന്ന ഹൈദരാബാദിന് വെടിക്കെട്ടുമായി കളം നിറഞ്ഞ ഹെൻറിക് ക്ലാസന്‍റെ പ്രകടനം പ്രതീക്ഷ നല്‍കിയിരുന്നുവെങ്കിലും വിജയത്തിലേക്ക് എത്താനായില്ല.
എയ്‌ഡന്‍ മാര്‍ക്രം, രാഹുല്‍ ത്രിപാഠി തുടങ്ങിയ താരങ്ങള്‍ കൂടി ഫോമിലേക്ക് ഉയര്‍ന്നാല്‍ ആരെയും അടിച്ചിടാനുള്ള കെല്‍പ്പ് ഹൈദരാബാദിനുണ്ട്. ബോളിങ് യൂണിറ്റിലേക്ക് എത്തുമ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, മാര്‍ക്കോ ജാന്‍സന്‍ എന്നിവര്‍ തിളങ്ങേണ്ടതുണ്ട്. കൊല്‍ക്കത്തയ്‌ക്ക് എതിരെ ഇരുവരും ഏറെ തല്ല് വാങ്ങിയിരുന്നു.