ബെംഗളൂരു:ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നേടിയ ബംഗളൂരു ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലെസിസ് പഞ്ചാബിനെ ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. നായകൻ്റെ തീരുമാനം ശരിവെക്കുന്ന തരത്തിലുള്ള ബൌളിങ്ങാണ് പേസർ യാഷ് ദയാൽ പുറത്തെടുത്തത്. പിച്ചിൽ മികച്ച ലെങ്ത്തും സ്വിങ്ങും കണ്ടെത്താനായ ദയാലിൻ്റെ പന്തുകൾ ശിഖർ ധവാനടക്കമുള്ള പഞ്ചാബ് ബാറ്റിങ്ങ് നിരയെ വല്ലാതെ കുഴക്കി.ആദ്യ ആറ് ഓവറുകൾ മന്ദഗതിയിലായിരുന്ന സ്കോറിങ്ങ് പതുക്കെ ഉച്ചസ്ഥായിയിലെത്തി. ശിഖർ ധവാൻ്റെ നായകത്വത്തിലിറങ്ങിയ പഞ്ചാബ് കിങ്ങ്സ് പിന്നീടങ്ങോട്ട് കാണികളെ പുളകം കൊള്ളിച്ച ബാറ്റിങ്ങ് പ്രകടനം തന്നെ പുറത്തെടുത്തു. 37 പന്തിൽ 45 റൺസ് നേടിയ നായകൻ തൊട്ട് ബാറ്റ് ചെയ്യാനിറങ്ങിയ എട്ടു പേരും ട്വൻ്റി ട്വൻ്റി സ്റ്റൈലിൽ കളിച്ചപ്പോൾ സ്കോർ ബോർഡിൽ പഞ്ചാബ് എഴുതിച്ചേർത്തത് 6 വിക്കറ്റിന് 176 റൺസ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു നിരയിൽ വിദേശ താരങ്ങൾ നിറം മങ്ങിയപ്പോൾ അനുഭവ സമ്പന്നരായ വിരാട് കോഹ്ലിയും ദിനേഷ് കാർത്തിക്കും നടത്തിയ ഉജ്വല ബാറ്റിങ്ങിൻ്റെ ബലത്തിൽ ലക്ഷ്യം നേടി. ഏഴ് പന്തിൽ മൂന്ന് റൺസെടുത്ത ഡ്യൂപ്ലെസിസും 5 പന്തിൽ 3 റൺസെടുത്ത കാമറൂൺ ഗ്രീനും 5 പന്തിൽ 3 റൺസെടുത്ത ഗ്ലെൻ മാക്സ്വെല്ലും താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ അനുജ് റാവത്തും ബാക്കിവെച്ചതൊക്കെ ചുമലിലേറ്റാൻ കോലിയും കൂട്ടായത് ഫിഫ്ത്ത് ഡൌണായി ഇറങ്ങിയ ദിനേഷ് കാർത്തിക്കും മഹിപാൽ ലൊംറോറും മാത്രമാണ് ഉണ്ടായത്.