ബെംഗളൂരു :ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം. ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്ന് കൊമ്പുകോര്‍ക്കാൻ ഇറങ്ങുന്നത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ആദ്യ മത്സരത്തില്‍ നാല് റണ്‍സിന്‍റെ ആവേശ ജയം നേടിയാണ് ബെംഗളൂരുവിലേക്ക് കൊല്‍ക്കത്തയുടെ വരവ്. വെടിക്കെട്ട് ബാറ്റര്‍ ആന്ദ്രേ റസല്‍, ഫില്‍ സാള്‍ട്ട് എന്നിവരുടെ ഫോം കൊല്‍ക്കത്തയ്‌ക്ക് നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതൊന്നുമല്ല. ചിന്നസ്വാമിയിലെ റണ്‍സ് ഒഴുകുന്ന പിച്ചില്‍ റിങ്കു സിങ്, ക്യാപ്‌റ്റൻ ശ്രേയസ് അയ്യര്‍, വെങ്കിടേഷ് അയ്യര്‍ എന്നിവരും മികവിലേക്ക് ഉയര്‍ന്നാല്‍ ആര്‍സിബി ബൗളര്‍മാര്‍ക്ക് നന്നേ പാടുപെടേണ്ടി വരും.
പഞ്ചാബ് കിങ്‌സിനെതിരെ ചിന്നസ്വാമിയില്‍ ആര്‍സിബി കളിച്ച മത്സരത്തില്‍ സ്ലോ വിക്കറ്റായിരുന്നു. അതുകൊണ്ടുതന്നെ സ്പിന്നര്‍മാരുടെ പ്രകടനം ഇന്നും നിര്‍ണായകമായേക്കും. സുനില്‍ നരെയ്‌ൻ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കാകും ആര്‍സിബിയുടെ പേരുകേട്ട ബാറ്റര്‍മാരെ പൂട്ടാനുള്ള ചുമതല. ഹര്‍ഷിത് റാണ, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരുടെ പ്രകടനങ്ങളും കെകെആറിന് നിര്‍ണായകമാണ്.
മറുവശത്ത്, ആദ്യ മത്സരം ചെന്നൈയോട് പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി വിജയവഴിയിലേക്ക് മടങ്ങിയെത്താൻ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി. വിരാട് കോലി ബാറ്റിങ്ങില്‍ താളം കണ്ടെത്തിയത് ആര്‍സിബിയ്‌ക്ക് ആശ്വാസമാണ്. എന്നാല്‍, ക്യാപ്‌റ്റൻ ഫാഫ് ഡുപ്ലെസിസ്, ഓള്‍റൗണ്ടര്‍മാരായ ഗ്ലെൻ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീൻ എന്നിവര്‍ മികവിലേക്ക് ഉയരാത്തത് ടീമിന് തലവേദന സൃഷ്‌ടിക്കുന്നു.